hair

പല കമ്പനികളുടെയും ഹെയർ ഡൈകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ റിസൽട്ടും കിട്ടും. എന്നാൽ കെമിക്കലുകൾ അടങ്ങിയ പല ഹെയർ ഡൈകളും പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ചിലപ്പോൾ മുടി മുഴുവനും നരച്ചുപോയേക്കാം, അല്ലെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടായേക്കാം.

യാതൊരു കെമിക്കലും ഉപയോഗിക്കാതെ, തികച്ചും നാച്വറലായിട്ട് വേണം മുടി കറുപ്പിക്കാൻ. മഞ്ഞളും വെളിച്ചെണ്ണയും മാത്രമുപയോഗിച്ച് നാച്വറൽ ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ചൊറിച്ചിൽ അടക്കമുള്ള തലയിലെ പ്രശ്നങ്ങൾക്കും മഞ്ഞളിൽ പരിഹാരമുണ്ട്.


നാച്വറൽ ഹെയർ ഡൈ തയ്യാറാക്കേണ്ട രീതി

ആദ്യം തന്നെ രണ്ട് ടീസ്പൂൺ മഞ്ഞളെടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് നന്നായി ചൂടാക്കുക. തീ ലോ ഫ്ളെയിമിൽ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കരിഞ്ഞുപോകരുത്. മഞ്ഞളിന്റെ നിറം മാറി ഏകദേശം കോഫി കളർ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം.

ഇനി മറ്റൊരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ചേർത്തുകൊടുക്കാം. ഇവ നന്നായി മിക്സ് ചെയ്യുക. വൈകിട്ടാണ് നിങ്ങളിത് തയ്യാറാക്കുന്നതെങ്കിൽ അടുത്ത ദിവസം രാവിലെ തലയിൽ തേക്കുന്നതാണ് അഭികാമ്യം. എണ്ണമയമില്ലാത്ത മുടിയിൽ വേണം തേക്കാൻ. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം.

ഒറ്റ ഉപയോഗത്തിൽ തന്നെ മുഴുവൻ മുടിയും കറുക്കുമെന്ന് പ്രതീക്ഷിക്കരുത്. കെമിക്കലുകളൊന്നും ഉപയോഗിക്കാത്തതിനാൽ സമയമെടുക്കും. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയർ ഡൈ ഉപയോഗിക്കണം. പതിയെ മാറ്റം ഉണ്ടാകുന്നത് കാണാം.