potato-masala

ക്രിസ്‌തുമസ്- ന്യൂ ഇയർ അവധിക്കാലം ആഘോഷമാക്കുകയായിരിക്കും ഇപ്പോൾ മിക്കവാറും മലയാളികളും. ആഘോഷമേതായാലും ഇറച്ചിക്കറി മസ്റ്റാണ് മലയാളി വീടുകളിൽ. എന്നാൽ ഇറച്ചി കഴിക്കാത്തവരും നമ്മുടെ കൂട്ടത്തിലുണ്ട്. അവർക്കും ധൈര്യമായി കഴിക്കാവുന്ന, ചിക്കൻ ഇല്ലാത്ത ഒരു ചിക്കൻ കറിയുടെ റെസിപ്പി നോക്കിയാലോ?

ചിക്കൻ കറിയെ വെല്ലുന്ന രുചിയിൽ ഉരുളക്കിഴങ്ങ് കൊണ്ടാണ് ഈ അടിപൊളി വിഭവം തയ്യാറാക്കുന്നത്. ഇതിനായി ആദ്യം രണ്ട് ഉരുളക്കിഴങ്ങ് മീഡിയം വലിപ്പത്തിൽ അരിഞ്ഞ് കുക്കറിൽ ഇടണം. ഇതിനൊപ്പം പകുതി സവാള ചെറുതായി അരിഞ്ഞത്, നാല് അല്ലി വെളുത്തുള്ളി, കാൽ ടീസ്‌പൂൺ മ‌ഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, മുക്കാൽ ടീസ്‌പൂൺ മല്ലിപ്പൊടി, അര ടീസ്‌പൂൺ ഗരംമസാല, അര ടീസ്‌പൂൺ മുളകുപൊടി, കാൽകപ്പ് വെള്ളം, കുറച്ച് കറിവേപ്പില എന്നിവയെടുത്ത് മൂന്ന് വിസിൽ കേൾക്കുന്നതുവരെ വേവിക്കാം.

അടുത്തതായി ഒരു ചീനച്ചട്ടിയെടുത്ത് അതിൽ രണ്ട് ടേബിൾ സ്‌പൂൺ എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് കുറച്ച് കടുക്, കുറച്ച് കറിവേപ്പില, അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്‌പൂൺ കാശ്‌മീരി മുളക് പൊടി, അര ടീസ്‌പൂൺ മല്ലിപ്പൊടി, ഒരു ടീസ്‌പൂൺ ഗരംമസാല എന്നിവ എണ്ണയിലിട്ട് ചെറുതീയിൽ വഴറ്റിയെടുക്കാം. ഇതിലേയ്ക്ക് നേരത്തെ വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വെള്ളത്തോടൊപ്പം ചേർത്തുകൊടുക്കാം. ഒന്ന് കുറുകി വന്നുകഴിഞ്ഞാൽ നല്ല ടേസ്റ്റി ഉരുളക്കിഴങ്ങ് മസാല റെഡി. ചിക്കൻ കറിയുടെ രുചിയുള്ള ഈ കറി ഏത് വിഭവത്തിനൊപ്പവും കഴിക്കാവുന്നതാണ്.