
മോസ്‌കോ: ജയിലിൽ നിന്ന് കാണാതായ റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാൽനിയെ കണ്ടെത്തി. അദ്ദേഹത്തിന്റെ അനുയായിയാ കിര യാർമിഷ് ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. നേരത്തേ പാർപ്പിച്ചിരുന്ന ജയിലിൽ ഏറെ അകലെയുള്ള ആർട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോനെനെറ്റ്സിലെ ഖാർപ്പിലുള്ള ഐ.കെ3 എന്ന പീനൽ കോളനിയിലാണ് നവാൽനി ഉള്ളതെന്നും കിര പറഞ്ഞു. നവൽനിയെ അദ്ദേഹത്തിന്റെ അഭിഭാഷകൻ സന്ദർശിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും കിര കൂട്ടിച്ചേർത്തു.
മൂന്നാഴ്ചക്ക് മുൻമ്പാണ് നവാൽനിയെ കാണാതായത്. തടവുകാരെ ഏകാന്തമായി പാർപ്പിക്കുന്ന ഇടമാണ് പീനൽ കോളനികൾ. പൊതുതെരഞ്ഞെടുപ്പിന് മൂന്നു മാസം ശേഷിക്കെയാണ് നവാൽനിയെ വിജനമായ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. നവാൽനിയെ ജീവനോടെ കണ്ടെത്തിയതിൽ യു.എസ് സന്തോഷം പ്രകടിപ്പിച്ചു. അലക്സിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെ ഫ്രാൻസ് അപലപിച്ചു.
വിവിധ കേസുകളിലായി 30 വർഷത്തിലേറെ തടവുശിക്ഷയാണ് നവാൽനിക്കെതിരെ ചുമത്തിയത്. 2020ൽ ഇദ്ദേഹത്തിനു നേരെ വധശ്രമം നടന്നിരുന്നു. സൈബീരിയയിൽ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ നവാൽനി അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് നവാൽനിക്ക് വിഷം നൽകിയതാണെന്ന് ആരോപണമുയർന്നു. എന്നാൽ ഇതെല്ലാം റഷ്യ തള്ളി. 32 ദിവസത്തെ ആശുപത്രി ജീവിതത്തിനു ശേഷമാണ് നവാൽനി ജീവിതത്തിലേക്ക് മടങ്ങിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീണ്ടും ജയിലിലേക്ക് തന്നെ മാറ്റി.