thrissur

തൃശൂർ: തൃശൂരിൽ കഞ്ചാവ് സംഘത്തിന്റെ ഗുണ്ടായിസം. എരവിമംഗലം സ്വദേശി ഷാജുവിന്റെ വീട് ആക്രമിച്ച സംഘം വീട്ടിലുള്ള കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. വലിയ നാശനഷ്ടമാണ് വീടിനുണ്ടായിരിക്കുന്നത്. ശുചിമുറിയുടെ ടൈലുകൾ അക്രമി സംഘം നശിപ്പിച്ചു. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമെന്ന് വീട്ടുടമ പറയുന്നു.

കഞ്ചാവിന്റെ ലഹരിയിൽ അടുത്ത പ്രദേശത്തുള്ള ആളാണ് ആക്രമണം നടത്തിയതെന്ന് വീട്ടുടമ ഷാജു പറഞ്ഞു. 'അടുത്ത പ്രദേശത്തുള്ള ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. രാവിലെ 8.15നും ഒമ്പത് മണിക്കുള്ളിലാണ് സംഭവം നടന്നത്. വീടിന്റെ മുകളിൽ കയറി സോളാറിന്റെ ട്യൂബൊക്കെ പൊട്ടിച്ചു. ഇവിടെ ജീവിക്കാൻ പേടിയാണ്. കോഴിയുടെ കണ്ണിൽ കുത്തിയാണ് അതിനെ ഉപദ്രവിച്ചത്'- വീട്ടുടമ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകളുണ്ടെന്നണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.