
ബംഗളൂരു: മുൻ കാമുകിയുടെ ഭീഷണിയെത്തുടർന്ന് പൊലീസിന്റെ സഹായം തേടി ക്രിക്കറ്റ് താരം. യുവ ക്രിക്കറ്റ് താരം കെ സി കരിയപ്പയാണ് പൊലീസിന്റെ സഹായം ആവശ്യപ്പെട്ടത്. കരിയർ നശിപ്പിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് സംരക്ഷണവും താരം ആവശ്യപ്പെട്ടിട്ടുണ്ട്.
കാമുകി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടതോടെയാണ് വേർപിരിഞ്ഞതെന്ന് കരിയപ്പ പരാതിയിൽ വ്യക്തമാക്കുന്നു. കർണാടകയിലെ കുടക് സ്വദേശിയാണ് കെ സി കരിയപ്പ. 2015ൽ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് കരിയപ്പ ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. പിന്നീട് പഞ്ചാബ് കിംഗിസിന്റെയും രാജസ്ഥാൻ റോയൽസിന്റെയും ഭാഗമായി. 2021ൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് താരം ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറുന്നത്.
ഒരു വർഷം മുൻപ് കരിയപ്പയ്ക്കെതിരെ മുൻ കാമുകി പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു യുവതി പരാതി നൽകിയത്. കെ സി കരിയപ്പയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.