rahul-mamkootathil

കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് വീഡിയോ എടുത്ത എസ്എഫ്‌ഐ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിൽ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം. രാഷ്ട്രപിതാവ് ആരെന്ന് അറിയാത്തത് കൊണ്ടാണല്ലോ അവൻ എസ്എഫ്‌ഐ ആയത്, ഹേ റാം എന്നാണ് രാഹുൽ കുറിച്ചത്. വീഡിയോയുടെ സ്‌ക്രീൻ ഷോട്ടും രാഹുൽ പോസ്റ്റിൽ പങ്കുവച്ചിരുന്നു.

ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കാണ് എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗവും കോളേജ് യൂണിയൻ ഭാരവാഹിയുമായ നാസർ കൂളിംഗ് ഗ്ലാസ് വച്ചത്. മഹാത്മാഗാന്ധിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഭവത്തിൽ കെഎസ്‌യു പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മഹാത്മഗാന്ധി എന്തായാലും മരിച്ചതല്ലേ എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

നാസറിന്റെ കൂടെയുള്ളവർ തന്നെയാണ് വീഡിയോ പകർത്തിയത്. സംഭവത്തിൽ എസ്എഫ്‌ഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. കാര്യം എന്താണെന്ന് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്. നാസർ ഒരു പബ്ലിക്ക് പ്രോസിക്യൂട്ടറുടെ മകനാണെന്നും സൂചനയുണ്ട്.