
മുംബയ്:ഇന്ത്യൻ തീരത്തോട് അപകടകരമാം വിധം അടുത്ത് ഇസ്രയേൽ എണ്ണക്കപ്പലിൽ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഇന്ത്യ അറബിക്കടലിൽ മൂന്ന് പടക്കപ്പലുകൾ വിന്യസിച്ചു. ഡ്രോണുകൾ ഉൾപ്പെടെ തകർക്കാൻ ശേഷിയുള്ള ഗൈഡഡ് മിസൈലുകളും ആധുനിക തോക്കുകളും വഹിക്കുന്ന ഐ. എൻ. എസ് മർമുഗോവ, കൊച്ചി, കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്. സമുദ്ര നിരീക്ഷണത്തിന് മാരിടൈം പട്രോൾ വിമാനങ്ങളും കോസ്റ്റ് ഗാർഡ് കപ്പലുകളും സീ ഗാർഡിയൻ സായുധ ഡ്രോണുകളും ഉണ്ട്.
ഇസ്രയേൽ എണ്ണക്കപ്പൽ എം. വി.ചെം പ്ലൂട്ടോയിൽ ഗുജറാത്ത് തീരത്തു നിന്ന് 217 നോട്ടിക്കൽ മൈൽ മാത്രം ( 370 കിലോമീറ്റർ) അകലെ വച്ചാണ് ഡ്രോൺ ആക്രമണം നടന്നത്. അറബിക്കടലിൽ ഇന്ത്യൻ ഇക്കണോമിക് സോണിന്റെ അതിർത്തി 200 നോട്ടിക്കൽ മൈൽ ആണ്. അതിനോട് അടുത്തു നടന്ന ആക്രമണം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പൽ എം. വി സായി ബാബയിലും ഡ്രോൺ ആക്രമണം നടന്നിരുന്നു.
അതിനിടെ,ഇസ്രയേൽ കപ്പൽ ഇന്ത്യൻ കപ്പൽ വിക്രമിന്റെ അകമ്പടിയോടെ തിങ്കളാഴ്ച മുംബയ് തുറമുഖത്ത് എത്തി.
ഡ്രോൺ ഇറാനിൽ നിന്നാണ് വിക്ഷേപിച്ചതെന്ന അമേരിക്കയുടെ ആരോപണം
ഇറാൻ നിഷേധിച്ചിരുന്നു. 2000 കിലോമീറ്റർ വരെ പറക്കുന്ന ഡ്രോണുകൾ ഇറാനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമേരിക്കയുടെ ആരോപണം.ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുകയാണ്. ചെങ്കടലിന് പുറത്ത് നടന്ന ആദ്യ ആക്രമണമാണ് എം. വി.ചെം പ്ലൂട്ടോയിൽ ഉണ്ടായത്.
ചെങ്കടലിൽ ഹൂതി ആക്രമണം തടയാൻ ഓപ്പറേഷൻ പ്രോസ്പരിറ്റി ഗാർഡിയൻ എന്ന ദൗത്യവും അമേരിക്ക പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളുടെ നാവിക സേനകൾ സംയുക്തമായി പട്രോളിംഗ് നടത്തുന്ന ദൗത്യത്തിൽ ഇന്ത്യ ചേർന്നിട്ടില്ല.
ഗാസ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയുമാണ് അറബിക്കടലിലെ ആക്രമണം. ലോകവ്യാപാരത്തിന്റെ 12 ശതമാനം നടക്കുന്ന ചെങ്കടലിലെ പാത ഹൂതി ആക്രമണം ഭയന്ന് പ്രമുഖ ഷിപ്പിംഗ് കമ്പനികൾ ഉപേക്ഷിച്ചിരിക്കയാണ്. ഡസൻ കണക്കിന് ചരക്കു കപ്പലുകൾ ചെങ്കടലിലേക്കുള്ള കവാടമായ ജിബൂട്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ആഫ്രിക്ക - ഏഷ്യ - യൂറോപ്പ് - കപ്പൽപാതകളുടെ സംഗമസ്ഥാനമാണ് ജിബൂട്ടി. കഴിഞ്ഞ ദിവസം ഇന്ത്യൻ തീരത്തുനിന്ന് യു.എസിലേക്കുള്ള രണ്ട് ചരക്കുകപ്പലുകൾ ആഫ്രിക്കൻ മുനമ്പിലൂടെ തിരിച്ചുവിട്ടിരുന്നു.
കപ്പലുകൾക്ക് നേരെ അക്രമണം നടത്തിയവരെ കടലാഴത്തിൽ നിന്നാണെങ്കിലും കണ്ടെത്തി കർശ്ശന നടപടി എടുക്കും.. എം വി ചെം പ്ലൂട്ടോയ്ക്കെതിരെയും ഇന്ത്യൻ കപ്പൽ എം വി സായിബാബയ്ക്കെതിരെയും ഉണ്ടായ ആക്രമണങ്ങൾ ഗൗരവമായെടുത്തിട്ടുണ്ട്.
-- രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി