n

ടെൽ അവീവ് ∙ ഗാസയിൽ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.

യുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര തലത്തിൽ സമ്മർദം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, ‌അവസാനിക്കാറായിട്ടില്ലെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മർദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പ്രതിരോധ സേന മുൻ തലവൻ ഡാൻ ഹാലുട്സ്. ബിന്യമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി പദവിയിൽ നിന്ന് താഴെയിറക്കുന്നതിലൂടെ മാത്രമേ ഇസ്രയേലിന് വിജയിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിലെ ഹൈഫയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുമായി നടത്തിയ സംഭാഷണത്തിലാണ് ഡാൻ ഹാലുട്സിന്‍റെ പ്രസ്താവന.

സിറിയയിലെ ഡമസ്കസിൽ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന ജനറൽ കൊല്ലപ്പെട്ടു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് സേനയുടെ മുതിർന്ന ഉപദേഷ്ടാവായ സയിദ് റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഇറാന് പുറത്തുവച്ച് കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ക്വാഡ്സ് സേന കമാൻഡറാണ് മൗസവി. ഇസ്രയേൽ ഈ കൊലപാതകത്തിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചു. അതേസമയം ഇസ്രായേൽ പ്രതിരോധ സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യം പുറത്തുവിട്ടു.

അതേസമയം, വടക്കൻ ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതിനെ തുടർന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യു.എസ് സേനയുടെ ആക്രമണം. ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനികർക്ക് നേരെ ഇറാന്റെ പിന്തുണയോടെ എർബിൽ എയർ ബേസിൽ ഉൾപ്പെടെ നടന്ന ആക്രമണ പരമ്പരയ്ക്കുള്ള തിരിച്ചടിയാണിത്. എയർ ബേസിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് യു.എസ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു'' –യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എക്സിൽ കുറിച്ചു. തിങ്കളാഴ്ച ആക്രമണത്തെക്കുറിച്ച് ബൈഡനെ അറിയിക്കുകയും പ്രതികരണ ഓപ്ഷനുകൾ തയ്യാറാക്കാൻ പെന്റഗണിനോട് അദ്ദേഹം ഉത്തരവിടുകയായിരുന്നു. കതൈബ് ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്.

തങ്ങളുടെ സൈനികരെയും താൽപര്യങ്ങളേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഓസ്റ്റിൻ വ്യക്തമാക്കി. മേഖലയിലെ സംഘർഷം വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് പൗരൻമാരെയും മറ്റ് സംവിധാനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.