neel-nanda

ലോസ് ഏഞ്ചൽസ്: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ(32) അന്തരിച്ചു. 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിയോഗം. നീലിന്റെ മാനേജ‌ർ ഗ്രെഗ് വെയ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് നീൽ നന്ദ. ഒരു മാധ്യമ നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകമെമ്പാടും താരത്തിന് ആരാധകരുണ്ടായിരുന്നു. നീലിന് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

'ഹൃദയം തകർന്ന വേദനയോടെ നീലിന് വിട ചൊല്ലുന്നു. ഹാസ്യത്തിന് പോസിറ്റീവ് ശക്തി നൽകിയ നീലിന്റെ ശുന്യത വലിയ നഷ്ടമാണ്. ഈ വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ആദരാഞ്ജലികൾ നീൽ.ഞങ്ങളുടെ സ്റ്റേജും പിയാനോയും മനോഹരമാക്കിയതിന് നന്ദി'- ദ പോർട്ട് കോമഡി ക്ലബ് എക്സിൽ കുറിച്ചു.

ജോർജിയയിലെ അൻലാന്റയിൽ ഇന്ത്യൻ ദമ്പതികളുടെ മകനായാണ് ജനനം. ചെറുപ്പം മുതലേ കോമഡി ചെയ്യുന്നതിൽ താൽപര്യം കാണിച്ച നീൽ പിന്നീട് സ്റ്റാൻഡ് അപ് കൊമേഡിയനായി വളരുകയായിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ജിമ്മി കിമ്മൽ ലൈവ്, യുഎസിലെ ടെലിവിഷൻ കോമഡി പരിപാടിയായ ആദം ഡിവൈൻസ് ഹൗസ് പാർട്ടി എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്.