
മഞ്ഞപ്ര ദേവേശ ഭാഗവതർ രാമനാഥൻ എന്ന എം.ഡി. രാമനാഥൻ, എം.ഡി.ആർ എന്ന ചുരുക്കപ്പേരിലാണ് സംഗീത പ്രണയികൾക്കിടയിൽ ആദരപൂർവം പരാമർശിക്കപ്പെട്ടു പോന്നിട്ടുള്ളത്. ആ ചുരുക്കാക്ഷരങ്ങൾക്ക് അർത്ഥവത്തായ മറ്റൊരു വിപുലീകരണം കൂടി സാദ്ധ്യമാണ്. അതാകട്ടെ എം.ഡി.ആറിന്റെ സംഗീത സവിശേഷതയുടെ സ്വഭാവമുദ്രയായി പരിണമിക്കുന്നു. 'മനോധർമ്മം" രാമനാഥൻ. അത് നിസ്സംശയമായും അദ്ദേഹത്തിന്റെ സംഗീതാവിഷ്കാരത്തിന്റെ അടിസ്ഥാന സ്വഭാവമായിരുന്നു. സമൃദ്ധവും സന്ദർഭോചിതവുമായ മനോധർമ്മമായിരുന്നു എം.ഡി.ആർ സംഗീതം.
കർണാടക സംഗീതത്തിലെ രാഗ പദ്ധതി സപ്തസ്വര അധിഷ്ഠിതമാണ് എന്നത് പ്രസിദ്ധം. ഈ തത്ത്വം മറ്റ് ശാസ്ത്രീയ സംഗീത സമ്പ്രദായങ്ങളിലുമുണ്ട്. വ്യത്യസ്ത സ്വരങ്ങളുടെ ശാസ്ത്രീയമായ സംയോജനങ്ങളിലൂടെയാണ് എണ്ണമറ്റ രാഗങ്ങൾ വ്യതിരിക്തമായി ആവിഷ്ക്കരിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച സങ്കീർണ്ണമായ ചട്ടവട്ടങ്ങളെല്ലാം അതുല്യനായ ഗുരു ടൈഗർ വരദാചാരിയിൽ നിന്ന് സൂക്ഷ്മമായി ഗ്രഹിച്ചു,എം.ഡി.ആർ. അതിനുശേഷം ആ നിയമങ്ങൾ പാലിച്ചു തന്നെ ഓരോ ആവിഷ്കാര വേളയിലും സർഗാത്മകമായ മനോധർമ്മ പ്രയോഗങ്ങൾ സന്ദർഭോചിതമായി നടത്തിപ്പോന്നു. അതൊരിക്കലും പരീക്ഷണത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങളായിരുന്നില്ല എന്നതാണ് പ്രധാനം.
വിസ്മയം,
ആ രാഗവിസ്താരം
രാഗവിസ്താരം ശൈലി സംഗീതജ്ഞരെ അറിയാനുള്ള മുഖ്യ സന്ദർഭങ്ങളിലൊന്നാണ്. ഒരു രാഗത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ അതിവിശദമായി ആവശ്യാനുസരണം സമയമെടുത്ത് അവതരിപ്പിക്കാനുള്ള ശേഷി സുദീർഘവും സമർപ്പിതവുമായ പഠനത്തിലൂടെ മാത്രമേ ആർജ്ജിക്കാനാവുകയുള്ളൂ. അവിസ്മരണീയമായ അത്തരം രാഗവിസ്താരങ്ങൾ അദ്ദേഹം എമ്പാടും ചെയ്തിട്ടുണ്ട്. എന്നാൽ എട്ടോ പത്തോ മിനിട്ടുകൾ കൊണ്ട്; ചിലപ്പോൾ അതിലും കുറഞ്ഞ സമയംകൊണ്ട് ഒരു രാഗത്തിന്റെ പ്രധാന ഭാവങ്ങളെല്ലാം അതീവ ഹൃദമായി ആവിഷ്കരിച്ച് ആസ്വാദകരെ അപൂർവങ്ങളായ അനുഭൂതി തലങ്ങളിലേക്ക് ആനയിക്കുവാനുള്ള എം.ഡി.ആറിന്റെ സവിശേഷമായ ശേഷിയാണ് കൂടുതൽ പ്രസിദ്ധം.
അത് പലപ്പോഴും ഓരോ കച്ചേരിയുടെയും സവിശേഷ സാഹചര്യത്തിന്റെ സ്വാധീനഫലം കൂടി ആവാം. രാഗവിസ്താരം അതീദീർഘമോ അത്യന്ത ഹ്രസ്വമോ ആകുന്നത് സന്ദർഭത്തിന്റെ പ്രചോദനമോ പ്രകോപനമോ നിമിത്തവുമാകാം.
ഇതിന് നല്ലൊരുദാഹരണം ഓർമ്മയിലെത്തുന്നു. ചെന്നൈയിലെ തിരുവെല്ലിക്കേണിയിലെ പ്രസിദ്ധമായ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഒരു കച്ചേരിയെക്കുറിച്ച് പ്രസിദ്ധ മൃദംഗ വിദ്വാൻ ഉമയാൾപുരം കെ. ശിവരാമൻ പറഞ്ഞത് ഇത്തരുണത്തിൽ പ്രസക്തമാണ്.
മൈക്ക് മാറ്റിവച്ച്
ഒരു ലഘുമനോഭാവം
അവിടെ സാധാരണഗതിയിൽ പൂജകൾ കഴിഞ്ഞ് രാത്രി ഒമ്പതു മണിക്കാണ് കച്ചേരി തുടങ്ങാറുള്ളത്. ഒരിക്കൽ എന്തോ കാരണത്താൽ പൂജകൾ വൈകിയതിനാൽ പത്തരമണിക്കേ കച്ചേരി തുടങ്ങാൻ സാധിച്ചുള്ളൂ. അവിടത്തെ പ്രത്യേകത പ്രധാന സന്നിധിക്കു മുന്നിലിരുന്ന് ക്ഷേത്രപ്രതിഷ്ഠയെ നേർക്കുനേർ കണ്ട് പാടുക എന്നതാണ്. സമയം വൈകിയതിനാൽ കച്ചേരി കേൾക്കുവാൻ വിരലിലെണ്ണാവുന്ന ആളുകളേ ശേഷിച്ചിരുന്നുള്ളൂ. ക്ഷേത്രത്തിലെ ദൈവങ്ങൾ ഏകാന്തസേവയിലായതുകൊണ്ട് താനും ലഘുവായ മനോഭാവത്തിലാണെന്ന് വേദിയിലെ തന്റെ സഖാക്കളോട് സൂചിപ്പിച്ചുകൊണ്ട് എം.ഡി.ആർ മുന്നിലുള്ള മൈക്ക് മാറ്റിവച്ച് പാടിത്തുടങ്ങി.
നാലുമണിക്കൂർ വിശ്രാന്തിയോടെ പാടിയ അദ്ദേഹം അന്ന് ത്യാഗരാജ സ്വാമികളുടെ കാംബോജി രാഗത്തിലുള്ള ''ഓ രംഗശായി" എന്ന കൃതി പ്രധാന ഇനമായി തൊണ്ണൂറു മിനിട്ടോളം ആലപിച്ചു. എം.ഡി.ആറിന്റെ ശിഷ്യൻ കൂടിയായ പ്രൊഫ. പി .പി. രാമകൃഷ്ണൻ എഴുതിയ 'എം.ഡി. രാമനാഥൻ എന്ന അതുല്യ സംഗീത സമ്രാട്ട്" എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഈ ഓർമ്മ പങ്കുവയ്ക്കുന്നത്.
അർത്ഥപൂർണമായ
പരീക്ഷണങ്ങൾ
സന്ദർഭാനുസരണം അനുപല്ലവിയിൽ നിന്ന് ചില കൃതികൾ പാടിത്തുടങ്ങുന്ന എം.ഡി.ആറിന്റെ രീതിയും പ്രസിദ്ധമാണ്. പുതുതലമുറയിലെ ശ്രദ്ധേയ ഗായകനായ ടി.എം. കൃഷ്ണയെ പോലുള്ളവർക്ക് പ്രചോദനമാകും വിധം കച്ചേരി സമ്പ്ര ദായത്തിൽ അർത്ഥപൂർണമായ പരീക്ഷണങ്ങൾക്ക് പാത വെട്ടിത്തെളിക്കുന്നതിൽ എം.ഡി.ആറിന്റെ പങ്ക് അനിഷേദ്ധ്യമാണ്. പക്ഷേ അത് കേവല പരിഷ്കാരഭ്രമമായിരുന്നില്ല എന്നത് വളരെ പ്രധാനമാണ്. ജീവിതകാലത്ത് യഥാർത്ഥത്തിൽ അർഹിക്കുന്ന തരത്തിലുള്ള അംഗീകാരവും സ്വീകാര്യതയും ലഭിക്കാതെ പോയ മഹാപ്രതിഭയാണ് എം.ഡി.ആർ എന്നത് മറക്കാനാവില്ല.
കർണാടക സംഗീതജ്ഞർ നൊബേൽ സമ്മാനം പോലെ മാനിക്കുന്നതാണ് മദിരാശി മ്യൂസിക് അക്കാഡമി നൽകുന്ന 'സംഗീത കലാനിധി." എം.ഡി.ആറിന് നൽകാൻ കഴിയാതെ പോയ ബഹുമതി എന്ന നിലയിൽ സംഗീത കലാനിധി പുരസ്കാരം ഒരു പരിധിവരെ സ്വയം കളങ്കിതമായിരിക്കയാണ് (മഹാത്മാഗാന്ധിക്ക് നൽകാത്ത സമാധാന നൊബേൽ പോലെ). പക്ഷെ ഇതൊന്നും എം.ഡി.ആറിനെ അലട്ടിയിട്ടുണെന്ന് തോന്നുന്നില്ല. തന്റെ തന്നെ സംതൃപ്തിയ്ക്കു വേണ്ടിയുള്ള സംഗീതം- അതായിരുന്നു എം.ഡി.ആർ.
സംഗീതത്തിലെ
ദാർശനികത
അതുകൊണ്ടു തന്നെ അദ്ദേഹം 'Music" എന്ന പ്രതിഭാസത്തിന് സ്വന്തമായ സംഗീത വ്യാഖ്യാനം മാത്രമല്ല; പദകോശ വ്യാഖ്യാനവും നൽകി. Morality (സന്മാർഗനിഷ്ഠ), Universality (സാർവ്വജനീനത), Sincerity (ആത്മാർത്ഥത), Individuality (വ്യക്തിത്വം), Creativity (സൃഷ്ടിപരത) എന്നിങ്ങനെ സംഗീതത്തിന്റെ ഇംഗ്ളീഷ് പരിഭാഷയായ Music എന്ന പദത്തിലെ ഓരോ അക്ഷരത്തിനും എം.ഡി.ആർ നൽകിയ വിപുലീകരണം അദ്ദേഹത്തിന് ദാർശനികമായ ഒരു അവബോധം കൂടിയുണ്ടായിരുന്നു എന്ന വസ്തുത വെളിപ്പെടുത്തുന്നു.
സംഗീതജ്ഞരുടെ സംഗീതജ്ഞനായിരുന്നു എം ഡി ആർ. 1984-ൽ മരിക്കുന്നതിനു മുമ്പ് എം.ഡി. ആർ ഡൽഹിയിൽ അവസാനമായി അവതരിപ്പിച്ച കച്ചേരി മറക്കാനാവാത്ത അനുഭവമാണ്. കഴിഞ്ഞ ദിവസം പ്രൊഫ. പി. ഉദയകുമാറുമായി അതിനെപ്പറ്റി സംസാരിക്കുകയുണ്ടായി. ശാരീരികമായ അവശതകൾ ചെറിയ തോതിൽ എം.ഡി.ആറിന്റെ ശാരീരത്തേയും ബാധിച്ചുതുടങ്ങിയ അവസ്ഥയായിരുന്നു. റാഫി മാർഗ്ഗിലെ മാവ്ലങ്കർ ഹാളിൽ കച്ചേരി കേൾക്കാൻ പ്രൊഫസർ എ.കെ. രാമകൃഷ്ണൻ, ബെറ്റി, ഉദയകുമാർ എന്നിവരൊന്നിച്ചായിരുന്നു പോയത്.
വയലിനിൽ ടി.എൻ. കൃഷ്ണനും മൃദംഗത്തിൽ ഉമയാൾപുരവും ആയിരുന്നു അകമ്പടിയെന്നാണ് ഓർമ്മ. ഇടയ്ക്കുവച്ച് ആലാപനം നിറുത്തി സ്റ്റേജിലേക്ക് തിരിച്ചുവച്ചിട്ടുള്ള ശക്തമായ വെളിച്ചം കുറയ്ക്കാൻ ആവശ്യപ്പെട്ട എം.ഡി.ആർ. കുറേനേരം ആലാപനം നിറുത്തി നിശ്ശബ്ദനായി ഇരുന്നു. കുടുമ അഴിച്ച് വീണ്ടും കെട്ടി. ഫ്ളാസ്കിൽ നിന്ന് കുറേ കാപ്പി ഒഴിച്ചു കുടിച്ചു. പിന്നെ അനർഗ്ഗളമായ എം.ഡി.ആർ സംഗീതമായിരുന്നു. പി. രവികുമാറിന്റെ വരികളിൽ അതൂപോലൊരു സന്ദർഭം ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്:
"മോക്ഷമു ഗലദാ,
ഭൂവിലോ ജീവൻ
മുക്തുലു ഗാനി വാര ലകൂ....
രാമനാഥൻ ആലപിച്ച അനുപല്ലവിയിലേക്കു കടക്കുകയാണ്.
സാക്ഷാത്ക്കാര...
രാമനാഥന്റെ കുടുമ അഴിഞ്ഞുപോയി
ആലാപനം നിലച്ചു.
രാമനാഥൻ കുടുമ കെട്ടിവയ്ക്കാൻ തുടങ്ങി.
മെല്ലെ... മെല്ലെ....
ഉമയാൾപുരം ശിവരാമന്റെ മൃദംഗവും ടി.എൻ. കൃഷ്ണന്റെ വയലിനും നിശ്ശബ്ദമായി. തംബുരുവിന്റെ നാദം മാത്രം ഇടമുറിയാതെ മുഴങ്ങിക്കൊണ്ടിരുന്നു. ആ നാദത്തിൽ ലയിച്ച് രാമനാഥൻ കുടുമ കെട്ടുകയാണ്, സമയം മറന്ന്, സദസ്സു മറന്ന്...
രാമനാഥൻ കുടുമ കെട്ടികൊണ്ടിരിക്കുകയാണ്. കെട്ടിയിട്ടും കെട്ടിയിട്ടും തീരുന്നതേയില്ല. തംബുരുവിന്റെ നാദം മാത്രം ഇടമുറിയാതെ മുഴങ്ങിക്കൊണ്ടേയിരുന്നു.
കുടുമ കെട്ടിക്കൊണ്ടിരുന്ന കൈവിരലുകളും ഇപ്പോൾ നിശ്ചലമാവുകയാണ്. രാമനാഥൻ തംബുരുവിന്റെ മാന്ത്രികമായ ഘനനാദത്തിലാഴ്ന്ന് സ്ഥലകാലങ്ങൾ മറന്നിരിക്കുകയാണ്.
ഉമയാൾപുരം ശിവരാമൻ മുന്നോട്ടാഞ്ഞ് രാമനാഥനെ ഒന്നു തൊടുന്നു. മെല്ലെ മെല്ലെ രാമനാഥൻ ഉണർന്നു....
(എം.ഡി. രാമനാഥൻ എന്ന ഖണ്ഡകാവ്യത്തിൽ നിന്ന്)
പാടിത്തീരാത്ത
പ്രചോദനങ്ങൾ
പി. രവികുമാറിന്റെ ഖണ്ഡകാവ്യത്തിനും കൃഷ്ണമൂർത്തിയുടെ കേദാരം എന്ന ലഘു നോവലിനും, ഹ്രസ്വചലച്ചിത്രത്തിനും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രീകരണത്തിനും സച്ചിദാനന്ദന്റെ 'രാമനാഥൻ പാടുമ്പോൾ" എന്ന ലഘുകാവ്യത്തിനും ഡോ. മധു വാസുദേവൻ സമാഹരിച്ച ശ്രദ്ധേയ രചനാസമാഹാരത്തിനും എം.ഡി.ആർ സംഗീതം പ്രചോദനമായി. കണ്ണൂർ, കണ്ണോത്തും ചാലിലെ എ. രാമകൃഷ്ണനെപ്പോലെയുള്ള കടുകട്ടി എം.ഡി.ആർ ബാധിതരെ - ഇന്ന് ലോകത്തിന്റെ ഏതു കോണിലും കണ്ടെത്താനാവും. സംഗീതക്കച്ചേരി നടത്താൻ ഒറ്റ വിദേശരാജ്യവും സന്ദർശിച്ചിട്ടില്ലാത്ത എം.ഡി.ആറിന്റെ സംഗീതം അസ്ഥിയിൽ ബാധിച്ച അഭൗമ ആസ്വാദകരാവും കർണാടക സംഗീത ലോകത്ത് ഇന്ന് സർവ ഭൂഖണ്ഡങ്ങളിലും ഉണ്ടാവുക.
വാഗ്ഗേയകാരനെന്ന നിലയിൽ എം.ഡി.ആറിന്റെ സംഭാവനകൾ പ്രത്യേക പഠനത്തിനു വിധേയമാക്കേണ്ടതാണ് എന്നുമാത്രം കുറിക്കട്ടെ. മുന്നൂറോളം കൃതികൾ - വർണ്ണം മുതൽ തില്ലാനകൾ വരെ വിവിധ രാഗങ്ങളിലും ജനുസുകളിലുമായുണ്ട്. ഗുരുഭക്തിയിൽ 'വരദദാസ'എന്നാണ് കൃതികളുടെ മുദ്ര!
ഫ്ളൂട്ട് -മാലി, മൃദംഗം-മണി അയ്യർ, നാദസ്വരം - രജരത്തിനംപിള്ള, വയലിൻ - ദ്വാരം വെങ്കിടസ്വാമി നായിഡു എന്നിങ്ങനെ കർണാടക സംഗീതത്തിലെ അന്യാദൃശ പ്രതിഭാശാലികളെ പരാമർശിക്കുന്ന കൂട്ടത്തിൽ ഉൾപ്പെടുത്താനാവുന്ന അനുപമ സംഗീതത്തിന്റെ പര്യായമാണ് മനോധർമ്മനാഥനായ എം.ഡി.ആർ.