
പുതുവർഷമെന്നു കേൾക്കുമ്പോൾത്തന്നെ ഉള്ളിൽ ഒരു പുതിയ ഉണർവും ഉത്സാഹവും പ്രതീക്ഷയും നിറയാറുണ്ട്. വർഷത്തിന് മഴയെന്നും അർത്ഥമുണ്ടല്ലോ. ഒരു പുതുമഴയുടെ കുളിർമ്മയും ഉന്മേഷവും പേറിക്കൊണ്ടാണ് നവവത്സരം വന്നണയുന്നത്. വളരുന്നവർക്ക് അത് പ്രതീക്ഷകളുടെ പൂക്കൾ സമ്മാനിക്കുന്നു, വളർന്നവർക്ക് പുതിയ ഉത്തരവാദിത്വങ്ങളുടെ കനികളും. മനുഷ്യൻ എന്നും നല്ല നാളെയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്യുന്നവനാണ്. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിന് നിറവും മണവും പകരുന്നത് ആ സ്വപ്നങ്ങളാണ്. ആ ശുഭപ്രതീക്ഷ നമ്മൾ ഒരിക്കലും കൈവെടിയരുത്.
പുതുവർഷപ്പിറവി പുതിയ തുടക്കങ്ങൾക്കുള്ള അവസരമാണ്. ദുഃഖസ്മൃതികളിൽ നിന്നു മോചനം നേടി പുതിയൊരു കാൽവയ്പിനുള്ള മുഹൂർത്തമാണത്. കഴിഞ്ഞ കാലത്തിൽനിന്ന് പാഠങ്ങൾ പഠിക്കാൻ, അവയുടെ
വെളിച്ചത്തിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. ജീവിതം ഒരു പൂന്തോപ്പു പോലെയാണ്. ഇലകൾ കരിയുന്നതും പൂക്കൾ വാടിക്കൊഴിയുന്നതും, പഴങ്ങൾ താഴെ വീണു ജീർണ്ണിക്കുന്നതും അവിടെ സ്വാഭാവികമാണ്. പഴമയുടെ ആ ജീർണ്ണതകളെ അപ്പപ്പോൾ മാറ്റിയാൽ മാത്രമേ പുതിയ പൂക്കളും കനികളുമുണ്ടായി ആ പൂന്തോപ്പിന്റെ വൃത്തിയും സൗന്ദര്യവും നിലനിറുത്താനാവൂ.
അതുപോലെ കഴിഞ്ഞകാലം മനസ്സിലുണ്ടാക്കിയ കാലുഷ്യങ്ങളെ നമ്മുക്ക് അടർത്തിക്കളയാം. മറവിയിലെ ഓർമ്മയാണ് ജീവിതം. എന്തെങ്കിലുമൊന്ന് നന്നായി ഓർക്കണമെങ്കിൽ മറ്റെല്ലാം മനസ്സിൽ നിന്ന് മായണം. അതിനാൽ നമുക്ക് മറക്കേണ്ടതു മറക്കാം; ക്ഷമിക്കേണ്ടതു ക്ഷമിക്കാം. പുതിയൊരു ഉണർവോടെ, ഉന്മേഷത്തോടെ, ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ പുല്കാം.
വാസ്തവത്തിൽ പുതുവർഷ ദിനം മാത്രമല്ല, വരുന്ന വർഷത്തിലെ ഓരോ ദിവസവും, ജീവിതത്തിലെ ഓരോ നിമിഷവും പുതുമയുള്ളതാകണം. നല്ല ഭാവങ്ങൾ നമ്മളിൽ ഉണർത്തുന്നതാകണം. ഓരോ നിമിഷവും ഉത്സവമാകണം.
കാലത്തിന്റെ നിലയ്ക്കാത്ത ഒഴുക്കിനെക്കുറിച്ച്, എണ്ണിയെണ്ണിക്കുറയുന്ന ആയുസ്സിനെക്കുറിച്ച് പുതുവർഷം നമ്മെ ഓർമ്മപ്പെടുത്തുന്നു. നഷ്ടപ്പെട്ട മറ്റെന്തും തിരിച്ചുകിട്ടിയേക്കാം. എന്നാൽ പോയകാലം ഒരിക്കലും തിരിച്ചുവരികയില്ല. അതിനാൽ മതിമറന്ന് ആഹ്ലാദിക്കാൻ മാത്രമുള്ളതല്ല, വിവേകത്തെ ഉണർത്താനുള്ള അവസരം കൂടിയാണ് പുതുവർഷപ്പിറവി.
ഉല്ലാസത്തോടൊപ്പം സംസ്കാരവും ഒത്തുചേർന്നാലേ ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കൂ. ഓരോ നിമിഷവും ജാഗ്രതയോടെ, വിവേകത്തോടെ ജീവിക്കണം. ജീവിതമെന്നത് എടുക്കലും കൊടുക്കലുമാണ്. ലോകത്തിൽ നിന്ന് എടുക്കുന്നതിൽ അധികം ലോകത്തിനു കൊടുക്കാൻ നമുക്ക് കഴിയണം. അപ്പോൾ മാത്രമാണ് ജീവിതം അർത്ഥ പൂർണ്ണമാകുന്നത്. കർമ്മങ്ങൾ ഈശ്വരനുള്ള പൂജകളാകണം. കർതൃത്വവും കർമ്മഫലവും അവിടുത്തേത് എന്ന ഭാവത്തിൽ നമ്മൾ അവിടുത്തെ കയ്യിലെ ഉപകരണങ്ങളാകണം. അപ്പോൾ കർമ്മംകൊണ്ടു തന്നെ നമുക്ക് കർമ്മപാശത്തെ അഴിക്കാൻ സാധിക്കും.
സ്നേഹമാണ് ജീവിതത്തെ സമ്പന്നമാക്കുന്നതും പുതുമയുള്ളതാക്കുന്നത്തും. സ്നേഹമാണ് ജീവിതത്തിന്റെ മൂലധനം. ആ മൂലധനമിറക്കി സ്നേഹം തന്നെയാകുന്ന വലിയ ലാഭം നമ്മൾ കൊയ്തെടുക്കണം. അപ്പോഴാണ് ജീവിതം ചരിതാർത്ഥമാകുന്നത്. സ്നേഹത്തിലും സൗഹൃദത്തിലും സഹോദര്യത്തിലുമാണ് ജീവിതത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത്. ഈ സത്യം പുതുവത്സരപ്പിറവിയുടെ ഈ നിമിഷത്തിലും പുതുവർഷത്തിലെ ഓരോ ദിവസവും ഓരോ നിമിഷവും നമുക്ക് ഓർക്കാം; പ്രാവർത്തികമാക്കാം.