
ശബരിമല: മണ്ഡലകാല തീർത്ഥാടനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കവെ തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. തങ്ക അങ്കി ചാർത്തി ശബരീശന്റെ ദീപാരാധന നടന്നു. അയ്യനെ ഒരുനോക്കുകാണാൻ ജനസഹസ്രങ്ങളാണ് ശബരിമലയിൽ കാത്തുനിന്നത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ പമ്പയിലെത്തിയ ഘോഷയാത്ര അവിടെനിന്നും മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെട്ടു. അഞ്ചേകാലോടെ ദേവസ്വം അധികൃതരും പൊലീസും ശരംകുത്തിയിൽ ഘോഷയാത്രയെ സ്വീകരിച്ചു. ആറരയോടെയാണ് സന്നിധാനത്തെത്തിയത്. തന്ത്രി മഹേശ് മോഹനർ, ശബരിമല മേൽശാന്തി പി.എൻ മഹേഷ് എന്നിവർ പതിനെട്ടാം പടിയിൽ ഘോഷയാത്രയായെത്തിയ തങ്ക അങ്കി സ്വീകരിച്ചു. തുടർന്നായിരുന്നു ദീപാരാധന.
23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ 41 നാൾ പൂർത്തിയാകുന്ന ദിനമായ നാളെയും തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. 27ന് രാവിലെ 10.30നും 11നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ മണ്ഡലപൂജ നടക്കും. അന്നേ ദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകം. തുടർന്ന് രാത്രി 10ന് നട അടയ്ക്കും. ഡിസംബർ 30ന് വൈകിട്ട് അഞ്ചിനാണ് മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറക്കുക. ജനുവരി 15നാണ് മകരവിളക്ക്.