
മിന്നുമണി ട്വന്റി-20 ടീമിൽ തുടരും
ഏകദിനത്തിൽ നാലു പുതുമുഖങ്ങൾ
മുംബയ് : ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 ടീമിൽ മലയാളി താരം മിന്നു മണി സ്ഥാനം നിലനിറുത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലൂടെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ ശ്രേയങ്ക പാട്ടീലിനും സൈഖ ഇഷാഖിനും ആദ്യമായി ഏകദിന ടീമിലേക്ക് വിളിയെത്തി. മന്നത്ത് കാശ്യപ്, ടൈറ്റസ് സധു എന്നിവരും ഏകദിന ടീമിലെ പുതുമുഖങ്ങളാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക അവസാന മത്സരത്തിൽ പ്ളേയർ ഒഫ് ദ മാച്ചുമായിരുന്നു. മിന്നു ഇംഗ്ളണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ ഡിസംബർ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ജനുവരി അഞ്ച്, ഏഴ്, ഒമ്പത് തീയതികളിൽ ഡി വൈ പാട്ടീൽ സ്‌പോർട്സ് അക്കാഡമി സ്‌റ്റേഡിയത്തിലാണ് ട്വന്റി-20 മത്സരങ്ങൾ.ഹർമൻ പ്രീത് കൗറാണ് ഇരുടീമുകളെയും നയിക്കുന്നത്.
ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്ടൻ), ജെമിമ റോഡ്രിഗസ്, ഷഫാലി വെർമ, ദീപ്തി ശർമ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, മന്നത്ത് കശ്യപ്, സൈക ഇഷാഖ്, രേണുക സിംഗ്, ടൈറ്റസ് സധു, പൂജ വസ്ത്രാകർ, സ്‌നേഹ് റാണ, ഹർലീൻ ഡിയോൾ.
ട്വന്റി-20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്ടൻ), ജെമിമ റോഡ്രിഗസ്, ഷഫാലി വെർമ, ദീപ്തി ശർമ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, മന്നത്ത് കശ്യപ്, സൈക ഇഷാഖ്, രേണുക സിംഗ്, ടൈറ്റസ് സധു, പൂജ വസ്ത്രാകർ,കനിക അഹൂജ, മിന്നു മണി.