
തിരുവനന്തപുരം : കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയിട്ട് ഇന്ന് 50 വർഷം തികയുകയാണ്. 1973 ഡിസംബർ 27നാണ് ക്യാപ്ടൻ ടി.കെ.എസ് മണിയുടെ നേതൃത്വത്തിലുള്ള കേരള ടീം എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ റെയിൽവേയ്‌സിനെ 3-1ന് തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫിയിൽ കന്നിമുത്തമിട്ടത്. ആ മധുരിക്കുന്ന ഓർമ്മകൾ പകർന്ന വീരനായകരെ ഇന്ന് കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയും വിജയവാർഷികം ആഘോഷിക്കുകയും ചെയ്യുമ്പോൾ എല്ലാവരുടെയും നെഞ്ചിൽ വിങ്ങുന്ന ഓർമ്മയായി മാറിയിരിക്കുകയാണ് ടി.എ ജാഫർ എന്ന അന്നത്തെ ടീമിന്റെ വൈസ് ക്യാപ്ടൻ ടി.എ ജാഫർ. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജാഫർ നിര്യാതനായത്.
കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട അപൂർവ്വ പ്രതിഭയായിരുന്നു ജാഫർ. 1992, 93 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു.ഈ മാസമാദ്യം 73 ടീമിലെ ജീവിച്ചിരിക്കുന്ന താരങ്ങൾ കൊച്ചിയിൽ ഒത്തുകൂടിയപ്പോഴും ജാഫറിന് വരാൻ സാധിച്ചിരുന്നില്ല. അന്ന് ആശുപത്രിക്കിടക്കയിലായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുമുമ്പ് മഹാരാജാസ് മൈതാനത്തെ മിഡ് ഫീൽഡർ ജനറലായി മാറിയ വിസ്മയതാരമാണ് ജാഫർ. മദ്ധ്യനിരയിൽ കളി മെനയാനും പ്രതിരോധത്തിന്റെ കടിഞ്ഞാൺ പൊട്ടാതെ നോക്കാനും ഒരുപോലെ മികവ് കാട്ടിയത് ജാഫറായിരുന്നുവെന്ന് കൂട്ടുകാർ പറയുന്നു.
കേരളത്തിലെ എണ്ണം പറഞ്ഞ ടൂർണമെന്റുകളിൽ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ജാഫർ. കളിക്കാലം കഴിഞ്ഞ് പരിശീലകനായി വേഷമിട്ടപ്പോഴും വിജയങ്ങൾ അദ്ദേഹത്തിനൊപ്പം നിന്നു. 1988ലാണ് കേരള സ്‌പോർട്സ് കൗൺസിലിൽ പരിശീലകനായി ചേർന്നത് . ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും പാപ്പച്ചനും ഇഗ്നേഷ്യസുമൊക്കെ കളിച്ച 90കളുടെ തുടക്കത്തിൽ പരിശീലകനായിറങ്ങി കേരളത്തെ സന്തോഷ് ട്രോഫിയിൽ ചാമ്പ്യന്മാരാക്കി ചരിത്രമെഴുതി.
ക്യാപ്ടൻ മണിയുടെ മാന്ത്രിക ഹാട്രിക്ക്
മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിലാണ് കേരള താരങ്ങൾ ആദ്യമായി ഫ്ളഡ്ലിറ്റിന് കീഴിൽ കളിക്കുന്നത്. 3-2 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ അവിസ്മരണീയജയം. കേരളത്തിന്റെ മൂന്ന് ഗോളുകളും നേടിയത് നായകൻ ടി.കെ.എസ് മണിയാണ്.
ടൂർണമെന്റിന്റെ അതുവരെയുള്ള ചരിത്രത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഹാട്രിക്കടിച്ച് ഒരു ക്യാപ്ടൻ ട്രോഫി നേടുക എന്ന അപൂർവ ബഹുമതിയാണ് കളിയിലെ ഹീറോയായ മണി സ്വന്തമാക്കിയത്. ഇന്ദർ സിംഗും സുബ്രതോ ഭട്ടാചാർജിയും ഭൗമിക്കുമൊക്കെ അണിനിരന്ന വമ്പന്മാരായ റെയിൽവേയ്സിനെ അമ്പരപ്പിച്ച പ്രകടനമായിരുന്നു മണിയുടേത്.
ആദ്യ പകുതിയിൽ നജീമുദ്ദീൻ നൽകിയ പാസിലൂടെ നായകന്റെ ആദ്യഗോൾ. രണ്ടാം പകുതിയിൽ വില്യം ഒരുക്കിയ വഴികളിലൂടെ മണിയുടെകാലുകൾ ഗോൾവലകുലുക്കി. 65ാം മിനിറ്റിൽ ചിന്നറെഡ്ഡിയിലൂടെ റെയിൽവേ സ്‌കോർ തുറന്നു. 70ാം മിനിട്ടിൽ മണി മൂന്നാം ഗോളുമടിച്ച് മണി ഹാട്രിക് മാന്ത്രികനായി. നജീമുദ്ദീൻ തന്നെയായിരുന്നു വഴിയൊരുക്കിയത്. മത്സരം തീരാൻ എട്ടുമിനിറ്റ് ശേഷിക്കെ ദിലീപ് പാലിത്ത് കേരളത്തിന്റെ ഗോൾവല കുലുക്കി. പിന്നീട് സമനിലപിടിക്കാൻ പോലും കേരളം അസരം കൊടുത്തില്ല.