
ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് വ്യക്തി ജീവിതത്തില്‍ ഏറ്റവും മോശം സമയത്തിലൂടെ കടന്ന് പോകുമ്പോഴും സ്വയം ചിരിക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. മുന്‍ ഭാര്യ ആയിഷ മുഖര്‍ജിയില്‍ നിന്ന് കടുത്ത മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരത്തിന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹ മോചനം അനുവദിച്ചിരുന്നു.
ഇപ്പോഴിതാ മകന്‍ സൊരാവറിന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശിഖര്‍ ധവാന്‍. തന്റെ മകനെ അവസാനമായി നേരില്‍ കണ്ടിട്ട് ഒരു വര്‍ഷമാകുന്നുവെന്നും മകനുമായി ബന്ധപ്പെടാന്‍ കഴിയുന്ന എല്ലാ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തന്നെ മുന്‍ ഭാര്യ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ധവാന്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശിഖര്‍ ധവാന്‍ തന്റെ മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. വിവാഹ മോചനം അനുവദിക്കുമ്പോള്‍ തന്നെ മകനെ കാണുന്നതിനും ഒപ്പം താമസിക്കുന്നതിനുമുള്ള ഉപാധികളും കോടതി മുന്നോട്ടുവച്ചിരുന്നു.
ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ആയിഷ മുഖര്‍ജി അവിടെയാണ് താമസം. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും വച്ച് മകനെ കാണാനുള്ള അവകാശം, വെക്കേഷന്‍ സമയത്ത് മകനൊപ്പം താമസിക്കാനുള്ള അവകാശം തുടങ്ങിയവ കോടതി ധവാന് അനുവദിച്ചിരുന്നു.
എന്നാല്‍ മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള താരത്തിന്റെ കുറിപ്പിലാണ് ഒരു വര്‍ഷമായി നേരില്‍ കാണാനോ കഴിഞ്ഞ മൂന്ന് മാസങ്ങളായി സമൂഹമാദ്ധ്യമങ്ങള്‍ വഴിയോ കാണാന്‍ പോലും കഴിയുന്നില്ലെന്ന കാര്യം പുറത്തറിയുന്നത്.