
ന്യൂഡൽഹി : ഗുസ്തി ഫെഡറേഷനിലെ സംഭവികാസങ്ങളുടെ തുടർച്ചയായി തനിക്ക് ലഭിച്ച ഖേൽരത്ന പുരസ്കാരവും അർജുനഅവാർഡും തിരികെ നൽകുകയാണെന്ന് പ്രമാനമന്ത്രിക്ക് കത്തെഴുതി വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്.
ലൈംഗികാരോപണ വിധേയനായ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ചരൺ സിംഗിന്റെ അടുപ്പക്കാരനായ സഞ്ജയ് സിംഗ് തിരഞ്ഞെടുപ്പിലൂടെ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായതിന് പിന്നാലെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മല്ലിക്ക് പരസ്യമായി ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്റംഗ് പൂനിയ പത്മശ്രീ മെഡൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര കായിക മന്ത്രാലയം പുതിയ ഭരണസമിതിയെ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ വിനേഷ് തന്റെ തീരുമാനമറിയിച്ച് പ്രധാനമന്ത്രിക്കുള്ള തുറന്നകത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.