cricket

ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തേ നിറുത്തി, ഇന്ത്യ 208/8

രാഹുലിന് അർദ്ധസെഞ്ച്വറി(70*), റബാദയ്ക്ക് അഞ്ചുവിക്കറ്റ്

സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മഴയും ഇരുട്ടും മാത്രമല്ല ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയും ചേർന്ന് ഇന്ത്യയെ ഇരുട്ടത്താക്കി. പുറത്താകാതെ അർദ്ധസെഞ്ച്വറിയുമായി പൊരുതി നിൽക്കുന്ന കെ.എൽ രാഹുലിലാണ് ഇന്ത്യയുടെ പ്രതീക്ഷയുടെ തിരിനാളം.

സെഞ്ചൂറിയനിൽ ബോക്സിംഗ് ഡേയിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംപ ബൗമ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 24 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ പിന്നീട് വിരാട് കൊഹ്‌ലി (38), ശ്രേയസ് അയ്യർ (31),കെ.എൽ രാഹുൽ (70 നോട്ടൗട്ട്) എന്നിവരിലൂടെ പൊരുതിനിന്നെങ്കിലും വെളിച്ചക്കുറവ് മൂലം നേരത്തേ കളിനിറുത്തുമ്പോൾ 208/8 എന്ന നിലയിലാണ്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ റബാദയും രണ്ട് വിക്കറ്റ് വീഴ്ത്തിയ നാൻദ്രേ ബർഗറും ഒരു വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസനും ചേർന്നാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്.

യശ്വസി ജയ്സ്വാളും (17), രോഹിത് ശർമ്മയും (5) ചേർന്നാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയത്. അഞ്ചാം ഓവറിൽ ടീം സ്കോർ 13ൽ നിൽക്കുമ്പോൾ റബാദ ആദ്യ പ്രഹരം നൽകി. റബാദയുടെ ഷോർട്ട് പിച്ച് പന്ത് ഹുക്ക് ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ നായകനെ ലോംഗ് ഓണിൽ ബർഗറാണ് പിടികൂടിയത്. പിന്നെ ബർഗറിന്റെ ഉൗഴമായിരുന്നു.പത്താം ഓവറിൽ ശുഭ്മാൻ ഗില്ലിനെയും (2) 12-ാം ഓവറിൽ യശ്വസിയേയും ബർഗർ വിക്കറ്റ് കീപ്പർ വെറെയ്ന്റെ കയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 24/3 എന്ന നിലയിലായി. തുടർന്ന് ക്രീസിലൊരുമിച്ച വിരാടും ശ്രേയസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പതിയെ സ്കോർ ബോർഡ് ചലിപ്പിച്ച അവർ ലഞ്ചിന് തൊട്ടുപിന്നാലെയാണ് പിരിഞ്ഞത്.50 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 31 റൺസടിച്ച ശ്രേയസിനെ ബൗൾഡാക്കി റബാദ തന്നെയാണ് സഖ്യം പൊളിച്ചത്. വൈകാതെ വിരാടിനെയും റബാദ മടക്കി അയച്ചു. വെറെയ്നായിരുന്നു ക്യാച്ച്. ഇതോടെ ഇന്ത്യ 107/5 എന്ന നിലയിലായി.

ആറാം വിക്കറ്റിൽ രവി ചന്ദ്രൻ അശ്വിനെക്കൂട്ടി രാഹുൽ പൊരുതാൻ തുടങ്ങിയെങ്കിലും 121ലെത്തിയപ്പോൾ അശ്വിനെ(8) പുറത്താക്കി റബാദ വീണ്ടും ആഞ്ഞടിച്ചു. എന്നാൽ പകരമിറങ്ങിയ ശാർദൂൽ താക്കൂർ (24) മാന്യമായ പിന്തുണ രാഹുലിന് നൽകിയപ്പോൾ ഇന്ത്യ മുന്നോട്ടുനീങ്ങി. ടീം സ്കോർ 164ൽ വച്ച് താക്കൂറിനെ എൽഗാറിന്റെ കയ്യിലെത്തിച്ച് റബാദ അഞ്ച് വിക്കറ്റ് തികച്ചു. ചായയ്ക്ക് ശേഷം ബുംറയുടെ(1) വിക്കറ്റാണ് നഷ്ടമായത്. യാൻസനായിരുന്നു വിക്കറ്റ്. കളിനിറുത്തുമ്പോൾ റൺസൊന്നുമെടുക്കാതെ സിറാജാണ് രാഹുലിന് കൂട്ട്. 105 പന്തുകൾ നേരിട്ട രാഹുൽ 10 ഫോറും രണ്ട് സിക്സും നേടിയിട്ടുണ്ട്.

ബൗമയ്ക്ക് പരിക്ക്

ഇന്നലെ ആദ്യ സെഷനിൽ വിരാട് കൊഹ്‌ലിയുടെ ഒരു ഷോട്ട് ബൗണ്ടറി ലൈനിന് അരികിൽ തടയുന്നതിനിടെ ദക്ഷിണാഫ്രിക്കൻ നായകൻ ടെംപ ബൗമയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നു. തുടർന്ന് ഡീൻ എൽഗാറാണ് ടീമിനെ നയിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാനിംഗിന് വിധേയനാക്കിയ ബൗമയ്ക്ക് അടുത്ത ടെസ്റ്റും നഷ്ടമാകുമെന്നാണ് സൂചന. ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ബൗമ ലോകകപ്പിന് ശേഷം ആദ്യമായാണ് കളിക്കാനിറങ്ങിയത്.