health

രോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ദൃഡവും ഉറപ്പുള്ളതുമായ ശരീരം ഉണ്ടാക്കിയെടുക്കുന്നതില്‍ ജിമ്മിലെ മണിക്കൂറുകള്‍ നീണ്ട വ്യായാമം പോലെ തന്നെ പ്രധാനമാണ് ഭക്ഷണവും. അത്തരത്തില്‍ പോഷകഗുണമുള്ള ഒരു സലാഡാണ് പരിചയപ്പെടുത്തുന്നത്. വീട്ടില്‍ ലഭ്യമായതും സൂപ്പര്‍മാര്‍ക്കറ്റില്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ ചേരുവകളാണ് ഈ സലാഡ് തയ്യാറാക്കാന്‍ ആവശ്യമുള്ളത്.

കടലയും പയറും മുട്ടയും ചേര്‍ത്തുള്ളതാണ് ഈ സലാഡ്. ആവശ്യമുള്ള മറ്റ് ചേരുവകള്‍ സവാള, തക്കാളി, പച്ചമുളക്, സലാഡ് കുക്കുമ്പര്‍, യോഗര്‍ട്ട്, ബ്ലാക്ക് സാള്‍ട്ട്, ലെറ്റിയൂസ് ലീവ്‌സ് തുടങ്ങിയവയാണ്. തയ്യാറാക്കുന്ന വിധം ഇപ്രകാരം: 50 ഗ്രാം വീതം കടലയും ചെറുപയറും വെള്ളത്തില്‍ കുതിര്‍ത്ത് വേവിച്ചെടുക്കാം. ഇതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് ഇത് ഒരു ബൗളിലേക്ക് മാറ്റാം. രണ്ട് മുട്ട പുഴുങ്ങി മാറ്റി വെക്കുകയാണ് രണ്ടാമത് ചെയ്യേണ്ടത്.

ഒരു സവാള മുഴുവനായി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു മീഡിയം വലിപ്പമുള്ള തക്കാളിയോ അല്ലെങ്കില്‍ ഒരു ചെറിയ തക്കാളിയോ ഉപയോഗിക്കാ. അധികം പഴുക്കാത്ത തക്കാളിയാണ് ഉപയോഗിക്കേണ്ടത്. ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഒരു ചെറിയ പച്ചമുളകും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എടുക്കണം. സലാഡ് കുക്കുമ്പറിന്റെ അരിമണികള്‍ വേര്‍തിരിച്ച ശേഷം ചെറിയ കഷ്ണങ്ങളാക്കുക. അരിമണികള്‍ സലാഡിന് ആവശ്യമില്ലെങ്കിലും പ്രത്യേകമായി കഴിക്കാവുന്നതാണ്.

ലെറ്റിയൂസ് അഥവാ ചൈനീസ് ക്യാബേജിന്റെ ഒന്നോ രണ്ടോ ഇലകള്‍ ചെറുതായി നുറുക്കിയെടുക്കാം. ഇനി അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികള്‍ നന്നായി മിക്‌സ് ചെയ്യണം. ബ്ലാക് സാള്‍ട്ട് കൂടി ചേര്‍ത്ത് വേണം മിക്‌സ് ചെയ്യാന്‍. സാധാരണ കറിയുപ്പ് ഉപയോഗിച്ചാലും മതിയാകും. ഇതിന് ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടയുടെ വെള്ള മാത്രം ചെറിയ കഷ്ണങ്ങളാക്കി ചേര്‍ത്തു കൊടുക്കണം. നന്നായി വെള്ളം കളഞ്ഞ കടലയും പയറും ഇതിനോടൊപ്പം ചേര്‍ത്ത് മിക്‌സ് ചെയ്താല്‍ ആരോഗ്യകരവും സ്വാദിഷ്ടവുമായ സലാഡ് തയ്യാറായി. ആവശ്യമെങ്കില്‍ മല്ലിയില കൂടി ചേര്‍ത്ത് കഴിക്കാം.