
സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. മഴ കാരണം ഒന്നാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റുകള്‍ നഷ്ടത്തില്‍ വെറും 208 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. സൂപ്പര്‍താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവരുടേതുള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാഡയാണ് ഇന്ത്യയെ തകര്‍ത്തത്.
മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 70 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അര്‍ത്ഥ സെഞ്ച്വറി നേടിയത്. റബാഡയെ ഫൈന്‍ലെഗില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച രോഹിത്ത് (5) ആണ് ആദ്യം പുറത്തായത്. യശ്വസി ജയ്‌സ്‌വാള്‍ (17), ശുഭ്മാന്‍ ഗില്‍ (2) എന്നിവരും പെട്ടെന്ന് പുറത്തായപ്പോള്‍ ഇന്ത്യ 24ന് മൂന്ന് എന്ന നിലയില്‍ പരുങ്ങി.
നാലാം വിക്കറ്റില്‍ വിരാട് കൊഹ്ലി (38) ശ്രേയസ് അയ്യര്‍ (31) എന്നിവര്‍ 68 റണ്‍സ് കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും അയ്യരെ ക്ലീന്‍ ബൗള്‍ഡ് ആക്കി റബാഡ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്‌കോര്‍ നൂറ് കടന്നതിന് പിന്നാലെ അഞ്ചാമനായി കൊഹ്ലിയും മടങ്ങി. രവിചന്ദ്രന്‍ അശ്വന്‍ (8) കൂടി പുറത്തായപ്പോള്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് വീണു.
പിന്നീട് ശാര്‍ദുല്‍ താക്കൂര്‍ (24) രാഹുലുമൊത്ത് ടീം സ്‌കോര്‍ 150 കടത്തിയെങ്കിലും താക്കൂറിനെ എല്‍ഗറിന്റെ കയ്യിലെത്തിച്ച് റബാഡ ഇന്ത്യക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ജസ്പ്രീത് ബുംറ (1) ജാന്‍സെന്റെ പന്തില്‍ ബൗള്‍ഡായി. ചായക്ക് പിരിഞ്ഞതിന് പിന്നാലെ കനത്ത മഴയും എത്തി.
59 ഓവര്‍ മാത്രമാണ് ഒന്നാം ദിനം കളി നടന്നത്. റണ്ണൊന്നുമെടുക്കാതെ ക്രീസിലുള്ള മുഹമ്മദ് സിറാജ് ആണ് കെ.എല്‍ രാഹുലിന് കൂട്ട്. 17 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് റബാഡ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റും മാര്‍ക്കോ ജാന്‍സന്‍ ഒരു വിക്കറ്റും വീഴ്ത്തി.