crime

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ച് യുവാക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷാണെന്ന് യുവാക്കള്‍ ആരോപിച്ചു. ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുത്തന്‍പാലം രാജേഷിന്റെ വീടിന് മുന്നിലെത്തി യുവാക്കള്‍ അസഭ്യം പറഞ്ഞതാണ് സംഭവത്തിന് തുടക്കമെന്നാണ് വിവരം.

വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് പുത്തന്‍പാലം രാജേഷിന്റെ ഭാര്യ ശ്രീകല തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിലെ വൈരാഗ്യമാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.