
ആലപ്പുഴ: ചെങ്ങന്നൂർ മഠത്തുംപടി റെയിൽവേ ഗേറ്റ് കീപ്പറായ കൊല്ലം തൃക്കടവൂർ അരുണാലയം വീട്ടിൽ അഖിൽ രാജിനെ ദേഹോപദ്രവം ഏൽപ്പിച്ച്, ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ചെങ്ങന്നൂർ ഹാച്ചറി ജംഗ്ഷൻ ഭാഗത്ത് വാടകയ്ക്ക് താമസസിക്കുന്ന കവിയൂർ മുറിയിൽ സിനോ (21), ഓതറ മുറിയിൽ ചെറുകുല്ലത്ത് വീട്ടിൽ അക്ഷയ് (23), മാന്നാർ കുട്ടൻപേരൂർ മുറിയിൽ മംഗലത്തെ കാട്ടിൽ തെക്കതിൽ വീട്ടിൽ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ 3 47നാണ് സംഭവം.
ചെങ്ങന്നൂർ മഠത്തുംപടി റെയിൽവേ ഗേറ്റിലെത്തിയ പ്രതികൾ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിട്ടത് കണ്ട് ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് പറഞ്ഞു. തുടർന്ന്, അസഭ്യം വിളിച്ച് അഖിൽരാജിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് നിലത്ത് കൂടി വലിച്ചിഴച്ച് മർദ്ദിച്ചു. ഒളിവിൽപ്പോയ പ്രതികളെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനു കുമാറിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ സി.ഐ എ.സി.ബിബിൻ, എസ്.ഐ ടി.എൻ.ശ്രീകുമാർ, എ.എസ്.ഐ രഞ്ജിത്ത്, സീനിയർ സി,പി.ഒ അനിൽ.എസ്.സിജു, ജിജോ, സാം, രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.