
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന നാടാണ് നമ്മുടേത്. ഇവയിൽ ഹൈന്ദവ ക്ഷേത്രങ്ങളിൽ പലതരത്തിലുള്ള പ്രത്യേകതകളുമുണ്ട്. ക്ഷേത്രത്തിനുള്ളിൽ ഓരോ ഭാഗങ്ങൾക്കും നിശ്ചിത പേരുകൾ നാം പറയാറുണ്ട്. ശ്രീകോവിൽ, നമസ്‌കാരമണ്ഡപം, ബലിക്കല്ല് അങ്ങനെയങ്ങനെ. ഇക്കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശ്രീകോവിലിന് മുന്നിലായുള്ളതുമായ ഒരു ഭാഗമാണ് വലിയ ബലിക്കല്ല്. ഏതാണ്ട് ശ്രീകോവിൽ പോലെതന്നെ മണ്ഡപത്തിന്റെ രൂപത്തിലുള്ള ഈ നിർമ്മിതിക്ക് ക്ഷേത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.
ക്ഷേത്രത്തിലെ മുഖ്യ ആരാധനാ മൂർത്തിയുടെ സർവസൈന്യാധിപനോ, സൈന്യാധിപയോ ആണ് ഈ വലിയ ബലിക്കല്ല് എന്നാണ് സങ്കൽപം. പാദുകം, ജഗതി,കുമുദം, ഗളം,പടി, ഉത്തരം,കപോദം,പദ്‌മം എന്നീ അവയവങ്ങൾ ചേർന്ന വലിയ ബലിക്കല്ല് സദാസമയവും ഇമവെട്ടാതെ തന്റെ ദേവനെ നോക്കിനിൽക്കുന്ന സർവസൈന്യാധിപനെ കുറിക്കുന്നു.
ഓരോ ദേവന്മാർക്കും അനുസരിച്ച് സർവസൈന്യാധിപനിലും വ്യത്യാസമുണ്ട്. ശിവന് ഹരസേനനും വിഷ്‌ണുവിന് ഹരിസേനനും വിഘ്നേശ്വരന് വിഘ്നസേനനും ശാസ്‌താവിന് ശാസ്ത്രുസേനനും സുബ്രഹ്‌മണ്യന് സ്‌കന്ദസേനനും ഭദ്രകാളിയ്‌ക്ക് സർവേശ്വരിയും ദുർഗയ്‌ക്ക് ബ്രാഹ്മിയുമാണ് സർവസൈന്യാധിപർ.