
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാല് മാസം മുൻപ് നടത്തിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ അധികഫണ്ട് അനുവദിച്ചു. ഈ മാസം 13നാണ് അധിക തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് നടപടി.
ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തിൽ നടത്തിയ സദ്യ വിരുന്നിനായി 19 ലക്ഷം രൂപ നവംബർ എട്ടിന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയുടെ മൊത്തം ചെലവ് 26.86 ലക്ഷം രൂപയായിരിക്കുകയാണ്. വിരുന്നിന് 19,00,130 രൂപ ചെലവായെന്നും ഹോട്ടലിന് പണം നൽകിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം, ഓണസദ്യയിൽ എത്രപേർ പങ്കെടുത്തുവെന്ന കൃത്യമായ കണക്കിലെന്നാണ് വിവരാവരകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സർക്കാരിന്റെ മറുപടി.
അഞ്ചുതരം പായസം ഉൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിംഗ് സ്ഥാപനം വിളമ്പിയത്. സ്‌പീക്കർ എ എൻ ഷംസീറും നിയമസഭയിൽ ഓണവിരുന്ന് നൽകിയിരുന്നു. ഇതിന് പുറമേയായിരുന്നു പൗരപ്രമുഖർക്കായി മുഖ്യമന്ത്രി സദ്യ ഒരുക്കിയത്. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ജനുവരി മൂന്നിന് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വിരുന്ന് നൽകുന്നുണ്ട്.