
കൊച്ചി: പുതുവത്സരം ആഘോഷിക്കാനായി മിക്കവരും തിരഞ്ഞെടുക്കുന്ന നഗരമാണ് കൊച്ചി. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ന്യൂഇയർ കാഴ്ചകൾ അതിമനോഹരമാണ്. എന്നാൽ കൊച്ചിയിലേക്ക് ആഘോഷത്തിനായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വന്ന കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായി കൊച്ചി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വെളളിയാഴ്ചയാണ് കൊച്ചിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് നഗരത്തിൽ രേഖപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് കൊച്ചിയിൽ രേഖപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കിഴക്കൻ രാജസ്ഥാനിലെ സികറിലാണ്.
കഴിഞ്ഞ എട്ട് ദിവസത്തിൽ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. കണ്ണൂരിൽ നാല് ദിവസങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് ഡിസംബർ 16നാണ്. ഈ മാസം 14ന് കൊല്ലം പുനലൂരിൽ 35.4 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടു.