bodies

ഹാവേരി: പുഴയിൽ മുങ്ങി മരിച്ച കുട്ടികളെ പുനരുജ്ജീവിപ്പിക്കാൻ മണിക്കൂറുകളോളം ഉപ്പിൽ സൂക്ഷിച്ച് കുടുംബം. നാഗരാജ് (11),ഹേമന്ദ് ഹരിജൻ (12) എന്നീ ആൺകുട്ടികളുടെ മൃതദേഹങ്ങളാണ് കുടുംബം 200 കിലോഗ്രാം ഉപ്പിൽ പൊതിഞ്ഞ് സൂക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ‌ഞായറാഴ്ച കർണാടകയിലെ ഹാവേരിയിലുളള ഗലാപുജി എന്ന ഗ്രാമത്തിലാണ് വിചിത്രസംഭവം അരങ്ങേറിയത്.

കളിക്കുന്നതിനിടെ ആൺകുട്ടികൾ പുഴയിൽ മുങ്ങിമരിക്കുകയായിരുന്നു. തുടർന്ന് നാഗരാജിന്റെ അച്ഛൻ മാരുതിയും ഹേമന്ദിന്റെ അച്ഛൻ മാലദേഷും കുറച്ച് ഗ്രാമവാസികളും ചേർന്ന് മൃതദേഹങ്ങൾ രണ്ട് മണിക്കൂർ നേരം ഉപ്പിൽ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്താൽ മരിച്ചവരെ പുനരുജീവിപ്പിക്കാൻ കഴിയുമെന്ന് ഇവർ വിശ്വസിച്ചിരുന്നു.എന്നാൽ ആറ് മണിക്കൂർ പിന്നിട്ടിട്ടും കുട്ടികൾക്ക് ജീവൻ തിരിച്ചുക്കിട്ടിയില്ല.

വിവരമറിഞ്ഞതോടെ സംഭവസ്ഥലത്ത് പൊലീസ് എത്തുകയും കുട്ടികളുടെ രക്ഷിതാക്കളെ ഗ്രാമവാസികൾ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു.പുഴയിൽ നിന്നും കുട്ടികളെ കണ്ടെത്തിയപ്പോൾ തന്നെ മരിച്ചിരുന്നു.തുടർന്ന് ജീവൻ തിരികെ ലഭിക്കാനാണ് ഉപ്പിൽ സൂക്ഷിച്ചത്. ഉപ്പിന്റെ വില 5000 രൂപയായിരുന്നെന്നും അയൽവാസിയായ രാമണ്ണ പൊലീസിനോട് പറഞ്ഞു.