
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി എട്ടിന് മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് 'ഭാരത് ന്യായ യാത്ര' എന്നാണ് പേരുനൽകിയിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 6,000 കിലോമീറ്ററിലധികം സഞ്ചരിച്ച് മാർച്ച് 20 ന് മുംബയിൽ യാത്ര അവസാനിക്കുമെന്ന് .കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര യുവജനങ്ങളുമായും സ്ത്രീകളുമായും പാർശ്വവൽക്കരിക്കപ്പെട്ടവരുമായും സംവദിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ കാൽനടയായാണ് രാഹുൽ ഗാന്ധി മുഴുവൻ സമയവും സഞ്ചരിച്ചതെങ്കിൽ ഇത്തവണ കൂടുതലും ബസിലായിരിക്കും യാത്ര. അവശ്യ ഘട്ടങ്ങളിൽ മാത്രമായിരിക്കും കാൽനടയായി സഞ്ചരിക്കുക. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, യുപി, മദ്ധ്യപ്രദേശ് , രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
ഭാരത് ജോഡോ യാത്ര പാർട്ടിക്ക് പുത്തൻ ഉണർവുണ്ടാക്കി എന്നാണ് കോൺഗ്രസ് വിലയിരുത്തിരുന്നത്. ഭാരത് ന്യായ യാത്ര ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അണികളിൽ ആവേശം വിതയ്ക്കാനാവുമെന്നും ഇതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടം കൊയ്യാം എന്നും പാർട്ടി കണക്കുകൂട്ടുന്നു. യാത്രയുടെ തുടക്കത്തിന് മണിപ്പൂർ തിരഞ്ഞെടുത്തതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.