amrit-bharat

കൊച്ചി: വന്ദേഭാരതിനും നമോഭാരതിനും പിന്നാലെ ദീർഘദൂര സൂപ്പ‌‌ർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിൻ അമൃത് ഭാരത് ട്രാക്കിലേയ്ക്ക് എത്തുന്നു. രാമക്ഷേത്ര നഗരമായ അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 30ന് ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ അയോദ്ധ്യ- ദർഭംഗ (ബീഹാർ) റൂട്ടിലായിരിക്കും. സീതാക്ഷേത്രമുള്ള നഗരമാണ് ദർഭംഗ. രണ്ടാമത്തെ ട്രെയിൻ ബംഗളൂരു- മാൾഡ (ബംഗാൾ) റൂട്ടിലായിരിക്കും. അയോദ്ധ്യയിൽ നിന്ന് ആറ് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും.

ഫ്ലാഗ് ഓഫ് കഴിഞ്ഞാലും മാസങ്ങളോളം ഓടിച്ച് സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷമാവും അമൃത് ഭാരതിന്റെ റെഗുലർ സർവീസെന്ന് തിങ്കളാഴ്ച ന്യൂഡൽഹി റെയിൽ വേസ്റ്റേഷനിൽ ട്രെയിൻ പരിശോധിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

കുറഞ്ഞ ചെലവിൽ ദീർഘദൂര സർവീസ് ലക്ഷ്യമിട്ടാണ് അമ‌ൃത് ഭാരത് വരുന്നത്. 800 കിലോമീറ്ററിലേറെ ദൂരവും നിലവിൽ പത്ത് മണിക്കൂറിലേറെ യാത്രാസമയവുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിനുകൾ.

അതിഥി തൊഴിലാളികളടക്കം സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പർ കം അൺറിസർവ്ഡ് ട്രെയിൻ. അന്ത്യോദയ,​ വന്ദേ സാധാരൺ എക്സ്‌പ്രസുകൾക്ക് പകരമാണിത്. എക്സ്‌പ്രസ് ട്രെയിൻ നിരക്കിലാകും ടിക്കറ്റുകൾ. ഓറഞ്ചും ചാരനിറവുമാണ് ട്രെയിനിന്. കമ്പാർട്ട്മെന്റുകൾ നി‌ർമ്മിച്ചത് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ.

പുഷ് പുൾ ട്രെയിൻ


രണ്ടറ്റത്തുമായി പുഷ്‌പുൾ എൻ‌ജിനുകൾ. മുന്നിലെ എൻജിൻ ടെയിനിനെ വലിക്കുമ്പോൾ പിന്നിലെ എൻജിൻ തള്ളിക്കൊടുക്കും. പാലങ്ങൾ, വളവുകൾ തുടങ്ങി വേഗത നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ഇത് യാത്ര സുഖകരമാക്കും. ട്രെയിൻ സ്റ്റാർട്ട് ചെയ്യുമ്പോഴും നിറുത്തുമ്പോഴും യാത്രക്കാർക്ക് കുലുക്കം അനുഭവപ്പെടാതിരിക്കാൻ സെമി പെർമനന്റ് കപ്ല‍ർ സാങ്കേതിക വിദ്യുമുണ്ട്.

22 കോച്ചുകൾ. ഇതിൽ 12 എണ്ണം സ്ലീപ്പ‌ർ ത്രീ ടയർ. റിസർവേഷൻ വേണ്ടാത്ത എട്ട് കമ്പാർ‌ട്ട്മെന്റുകൾ. ഇതിലൊന്ന് സ്ത്രീകൾക്കും ഭിന്നശേഷിക്കാ‌‌ർക്കും. ഡിസൈന‌ർ നിറങ്ങളുള്ള കുഷൻ സീറ്റുകൾ. മോഡുലാർ ടോയ്‌ലെറ്റ്. അഗ്നിരക്ഷാ സംവിധാനങ്ങൾ. പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം. എല്ലാ സീറ്റിലും മൊബൈൽ ചാ‌ർജിംഗ് പോയിന്റ്. അമൃത് ഭാരത് കേരളത്തിലേയ്ക്കും ഉടൻ പ്രതീക്ഷിക്കുന്നുവെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയ‌ർമാൻ പി കെ കൃഷ്ണദാസ് പറ‌ഞ്ഞു.