
ബീജിംഗ്: നേത്രരോഗ ശസ്ത്രക്രിയ്ക്കായി എത്തിയ 82കാരിയോട് ക്രൂരമായി പെരുമാറിയ ഡോക്ടർക്ക് സസ്‌പെൻഷൻ. ചൈനയിലെ ഗൂഗാംഗിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. 2019ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് അധികൃതർ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്.
ശസ്ത്രക്രിയക്ക് മുന്നോടിയായി വൃദ്ധയ്ക്ക് അനസ്‌തേഷ്യ നൽകാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഓപ്പറേഷൻ മുറിയിൽ വച്ച് വൃദ്ധ ബോധമില്ലാതെ സംസാരിച്ചിരുന്നു. ഇതുകേട്ട് ക്ഷുഭിതനായി ഡോക്ടർ വൃദ്ധയുടെ തലയിൽ മൂന്ന് തവണ ഇടിക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു ഡോക്ടറായ ഐ ഫെനാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഇതോടെ ഡോക്ടറുടെ പ്രവൃത്തിക്ക് വലിയ വിമർശനങ്ങളും നേരിട്ടിരുന്നു.
ശസ്ത്രക്രിയ്ക്ക് മുന്നോടിയായി വൃദ്ധയ്ക്ക് അനസ്‌തേഷ്യ കൊടുത്തിരുന്നു.പക്ഷെ അവർക്ക് പൂർണമായും ബോധം നഷ്ടമായിരുന്നില്ല. ശസ്ത്രക്രിയ്ക്കിടെ അവർ നിരന്തരമായി തല ചലിപ്പിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഇതോടെ ഡോക്ടർ രോഗിക്ക് താക്കീത് നൽകി. എന്നാൽ വൃദ്ധ വീണ്ടും സംസാരിച്ചു. ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ശസ്ത്രക്രിയ്ക്കിടെ വൃദ്ധ കണ്ണുകളിൽ തൊടാൻ ശ്രമിച്ചു. ഇത് അണുബാധയ്ക്ക് കാരണമാകും. ഇത് തടയുന്നതിനാണ് ഡോക്ടർ രോഗിയെ അടിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പ്രതിഷേധം ഉയർന്നതോടെ ആശുപത്രിയിൽ നിന്നും ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ വൃദ്ധയ്ക്ക് നഷ്ടപരിഹാരമായി 500 യുവാൻ (5800 രൂപ) നൽകുകയും ക്ഷമാപണം നടത്തുകയും ചെയ്തു.