
അസത്യങ്ങളുടെ കറുത്ത കഥകൾ മെനഞ്ഞ് കോൺഗ്രസ് മുക്ത രാജ്യത്തിനായി കൈകോർത്തിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് സംഘപരിവാറും കേരളത്തിലെ ഇടതുപക്ഷവും.
1928 നവംബർ 17, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആ മനുഷ്യൻ കണ്ണടച്ചു. സൈമൺ കമ്മിഷനെതിരെ സമാധാനപരമായി കോൺഗ്രസ് സംഘടിപ്പിച്ച റാലിക്കു നേരെ ബ്രിട്ടീഷ് പൊലീസ് കിരാത മർദനം അഴിച്ചുവിടുകയായിരുന്നു. പഞ്ചാബിന്റെ സിംഹം ലാലാ ലജ്പത് റായ് തലയ്ക്കടിയേറ്റ് ചോര വാർന്ന് തെരുവിൽ വീണു. 18 ദിവസം നീണ്ട യാതനകൾക്കൊടുവിൽ അദ്ദേഹം മരിച്ചു. ബ്രിട്ടീഷ് പൊലീസ് തലയ്ക്കടിച്ച് കൊന്നുവെന്നതാണ് യാഥാർത്ഥ്യം. പക്ഷേ, ധീരനായ ആ പോരാളിയുടെ സമര ചരിത്രം അവിടെ അവസാനിക്കുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു!
അനേകായിരം സ്വാതന്ത്ര്യസമര ഭടന്മാരിലൂടെ, ഇങ്ങൊടുവിൽ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇന്നത്തെ പോരാട്ടത്തിലും ഓരോ കോൺഗ്രസുകാരന്റെ മനസിലും ചിന്തയിലും ലജ്പത് റായിയുണ്ട്. നെറ്റിപൊട്ടി ഒഴുകിയ ആ ചോരയുണ്ട്. കെടാജ്വാലയായി, തളർത്താത്ത സമരവീര്യമായി! ലജ്പത് റായിയുടെ പോരാട്ടം സ്വാതന്ത്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും സ്ത്രീകളെ അടിച്ചമർത്തുന്നതിനുമെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ് കൂടിയായിരുന്നു അദ്ദേഹം.
എതിർപ്പുകളെ, വിമർശനത്തെ, പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങൾ യഥാർത്ഥത്തിൽ ആരാണ്? തെറ്റുകൾ മാത്രം ആവർത്തിക്കുന്നവർ, സ്വന്തം നിഴലിനെപ്പോലും ഭയക്കുന്നവർ, മാറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്തവർ, ഭിന്നാഭിപ്രായങ്ങളെ വലിയ കുറ്റമായി കാണുന്നവർ.... നിർഭാഗ്യവശാൽ ഇവരുടെ അംഗബലം കൂടിക്കൂടി വരികയാണ്. എന്തും ചെയ്യാം. ആരും ചോദ്യം ചെയ്യരുത്; ഞാൻ പറയുന്നതും ചെയ്യുന്നതും മാത്രം ശരി. ഇവരും ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്തെ ക്രൂരന്മാരുമായി എന്ത് വ്യത്യാസമാണുള്ളത്?
ഗാന്ധിയുടെ
രാമൻ
ബാരിസ്റ്റർ വേഷം അഴിച്ചുവച്ച്, ഖദറിന്റെ പരുക്കൻ സ്പർശം സ്വീകരിച്ച ഒരാളുണ്ടായിരുന്നു. അവധൂതൻ, ഫക്കീർ, പോരാളി, രാഷ്ട്രീയ ചിന്തകൻ, സത്യം തേടി നടന്ന മഹാത്മാവ്. അങ്ങനെ ഒരാൾ ചരിത്ര സന്ധികളിൽ വല്ലപ്പോഴും മാത്രമേ ജനിക്കാറുള്ളൂ. മുന്നിൽ നിന്നു നയിച്ച സമരഭടൻ മാത്രമായിരുന്നുല്ല ആ മനുഷ്യൻ. നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് ഒരു ജനതയെ മോചിപ്പിച്ച വിമോചകനാണ് ഗാന്ധിജി. ക്ഷേത്ര മതിലുകൾക്കുള്ളിലല്ല അദ്ദേഹം രാമനെ തേടിയത്, ദരിദ്ര നാരായണന്മാർക്കിടയിലാണ്. അദ്ദേഹത്തിന്റെ രാമരാജ്യം നീതിയുടേതായിരുന്നു.
ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചിൽ വെടിയുതിർത്തവർ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവർക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്. ഓരോ ഇന്ത്യാക്കാരന്റെ മനസും അവിടെയാണ് ശിരസു കുനിക്കേണ്ടത്. കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല, ഗാന്ധിജിയുടെ രാമനെ. ഗാന്ധിയെ കൊന്നവരും അദ്ദേഹത്തെ അവഹേളിച്ച് ബ്രിട്ടിഷുകാരുടെ കാലുനക്കാൻ പോയവരും ഒന്നിക്കുന്നതിൽ അത്ഭുതമില്ല. വലത്- ഇടത് മേലങ്കിയണിഞ്ഞ അത്തരക്കാരോട് കോൺഗ്രസിന് സന്ധിയില്ല. ഗുരുഹത്യയും പിതൃഹത്യയും ഒന്നിച്ചു ചെയ്തവർ നീതിമാന്റെ മുഖംമൂടി ധരിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ട.
ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളെല്ലാം പണിതുയർത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ഭക്രാനംഗൽ, ഐ.ഐ.ടികൾ, സർവകലാശാലകൾ, ഫാക്ടറികൾ, ഐ.എസ്.ആർ.ഒ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, ദേശീയ മ്യൂസിയങ്ങൾ. ഇന്ദിരാജിയും രാജീവ് ഗാന്ധിയും മുതൽ മൻമോഹൻ സിംഗ് വരെ ഈ രാജ്യത്തിനായി ചെയ്ത സത്കർമ്മങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് സോണിയ ഗാന്ധി മുന്നിട്ടിറങ്ങി രൂപം നൽകിയ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര നിയമം ഈ പാരമ്പര്യത്തിന്റെ തുടർച്ചയാണ്.
സംഘപരിവാറും
ഇടതുപക്ഷവും
ഈ നേട്ടങ്ങളെയൊക്കെ തമസ്‌കരിച്ച്, അസത്യങ്ങളുടെ കറുത്ത കഥകൾ മെനഞ്ഞ് കോൺഗ്രസ് മുക്ത രാജ്യത്തിനായി കൈകോർത്തിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് സംഘപരിവാറും കേരളത്തിലെ ഇടതുപക്ഷവും. ലോകത്തെ മാറ്റിമറിച്ച സമര പോരാട്ടങ്ങളുടെ ഉറവിടവും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്ത ശക്തിയും ജയപരാജയങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട രാഷ്ട്രീയ നേതൃത്വവും അചഞ്ചലമായ മതനിരപേക്ഷതയുമാണ് കോൺഗ്രസ്. ലോകത്തിന് മുന്നിൽ ആധുനികവും ചേരിചേരാതെയുമുള്ള നിലപാടുകളുമായി ഇന്ത്യയെന്ന ശക്തിയെ ഉറപ്പിച്ചതും കോൺഗ്രസ് തന്നെ.
രാജ്യത്തെ അപകടകരമായ മതരാഷ്ട്ര സങ്കൽപത്തിലേക്ക് വലിച്ചുകൊണ്ടു പോകുന്ന സംഘപരിവാർ ശക്തികളുടെ ഏകശിലാ ബോദ്ധ്യങ്ങളാകട്ടെ, ഏകാധിപത്യ അഹന്തയുടെ കറതീർന്ന കേരളത്തിലെ പ്രതിരൂപമാകട്ടെ ഇവയെയെല്ലാം കോൺഗ്രസ് എതിർക്കും. എതിർക്കാൻ കോൺഗ്രസേ ഉള്ളൂ എന്നതാണ് സത്യം. ആ ബോദ്ധ്യമാണ് കടുത്ത പരീക്ഷണങ്ങൾക്കു നടുവിലും കോൺഗ്രസ് പ്രവർത്തകരെ നയിക്കുന്ന ശക്തി. ഏകാധിപത്യത്തിനും മതവത്കരണത്തിനും ഭിന്നിപ്പിക്കലിനും എതിരെയുള്ള സന്ധിയില്ലാ സമരമാണ് കോൺഗ്രസിന്റെ രാഷ്ട്രീയവും നിലപാടും പ്രവർത്തനവും.
നാളെയുടെ
ഭയപ്പാടുകൾ
ഭാരത് ജോഡോ യാത്രയോളം വ്യക്തമായി ഈ രാഷ്ട്രീയ നിലപാട് മുന്നോട്ടുവച്ച മറ്റൊരു മുന്നേറ്റം സമീപകാല ഇന്ത്യയിൽ ഉണ്ടായിട്ടില്ല. വർഗീയതയ്ക്കും വെറുപ്പിനുമെതിരെയുള്ള ഈ യാത്രയെ കേരളത്തിലെ ഇടതുപക്ഷം എങ്ങനെയാണ് കണ്ടത്? പ്രതീക്ഷിച്ചപോലെ തന്നെ, ചുവപ്പിനു കൂട്ട് കാവി, കാവിക്കു കൂട്ട് ചുവപ്പ്. ശരിയെ തമസ്‌കരിക്കുക, തെറ്റിനെ കൂട്ടുപിടിക്കുക, ലോകത്തെമ്പാടും ഇടതിന് പരിചയമുള്ളതാണല്ലോ ഇത്.
ജെ.എൻ എന്ന ഒപ്പും പുഞ്ചിരിക്കുന്ന ആ മുഖവും മായ്ച്ചുകളയാൻ സംഘപരിവാർ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാണ്. നാളെയുടെ രാഷ്ട്രീയത്തിൽ നെഹ്രുവിന്‍, സോഷ്യലിസത്തിനുള്ള പ്രാധാന്യം അവർക്കറിയാം. ആ ധിക്ഷണയെ അവർക്ക് ഭയമാണ്. രാജ്യം നിലനിൽക്കുവോളം അവിടെ ഗാന്ധിയുണ്ട് എന്നത് അവരെ അലോസരപ്പെടുത്തുന്നു.
ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ടുമാത്രം ജയപരാജയങ്ങൾ അളക്കാനാകില്ല. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തിസ്ഗഢ് തിരഞ്ഞെടുപ്പുകൾ തരുന്ന പാഠങ്ങൾ നിശിതവും വലുതുമാണ്. തെലങ്കാന ആവേശമാണ്. കോൺഗ്രസില്ലാതെ ബി.ജെ.പി വിരുദ്ധ പോരാട്ടം സാദ്ധ്യമാകുമെന്ന് പറയുന്നവർ എതിർപ്പുകളെ വെറുക്കുന്നവരും 'ഭയം' ഭരിക്കുന്നവരുമാണ്.
കോൺഗ്രസിനു മുന്നിലെ മുൻഗണ വർഗീയതയ്ക്കും ഏകാധിപത്യത്തിനും ഫാഷിസത്തിനും എതിരായ അക്ഷീണ പോരാട്ടം തന്നെയാണ്. സാമ്പത്തികവും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരുടെ ഒപ്പം നിൽക്കുക, അവരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി പ്രയത്നിച്ചുകൊണ്ടേയിരിക്കുക, പ്രാദേശിക തലം മുതൽ ദേശീയതലം വരെ കൈകോർത്ത് മുന്നേറുക.... അടിച്ചമർത്തലുകൾക്ക് എതിരായ പോരാട്ടത്തിൽ ലാലാ ലജ്പത് റായിയും മഹാത്മജിയും ഉൾപ്പെടെ അനേകായിരങ്ങളുടെ ശരീരത്തിൽ നിന്ന് ഇറ്റുവീണ ചുടുചോരയുടെ വീര്യം കെടാതെ നെഞ്ചേറ്റുക. ഈ പ്രസ്ഥാനത്തിന്റെ ജന്മദിനം ഓർമ്മപ്പെടുത്തുന്നതും അതുതന്നെയാണ്.