marriage

സാങ്കേതിക വിദ്യയുടെ കാലഘട്ടമായ ഇന്ന് നാം ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. പലവിധ ഉപകരണങ്ങളുടെ നിർമാണത്തിന് തുടങ്ങി യുദ്ധമുഖത്തുവരെ ഇന്ന് എഐ ഉപയോഗിക്കുന്നു. ഹമാസിന്റെ ടണലുകൾ കണ്ടെത്താൻ ഇസ്രയേൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

സ്വയം പഠിക്കാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന സംവിധാനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ. ഇത് മൂന്ന് തരത്തിലാണുള്ളത്. നാരോ എഐ, ജനറൽ എഐ, സൂപ്പർ എഐ.

നാരോ ഐഐയ്‌ക്ക് വിപുലമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനാവില്ല. വെർച്വൽ അസിസ്റ്റന്റുകൾ, ശുപാർശകള്‍ നല്‍കുന്ന അൽഗോരിതങ്ങൾ (recommendation algorithms) എന്നിവ പോലുള്ള ദൈനംദിന ആപ്ലിക്കേഷനുകളെ ശക്തിപ്പെടുത്തുന്നത് നാരോ എഐ ആണ്. അലക്സ, സിരി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

ജനറൽ എഐ എ.ജി.ഐ (ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) എന്നറിയപ്പെടുന്നു. മനുഷ്യ സമാനമായ ബുദ്ധിയുള്ലതിനാൽ വിശാലമായ ജോലികൾ കൈകാര്യം ചെയ്യാൻ ഇതിനാവും. സൂപ്പർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ കഴിവുകളെവരെ മറികടക്കുന്നവയാണ്.

മനുഷ്യന്റെ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച എഐയ്ക്ക് മനുഷ്യന്റെ കഴിവുകൾക്ക് അപ്പുറവും പ്രവർത്തിക്കാനാകുമെന്നതിനാൽ ഉയരുന്ന ആശങ്കകളും ചില്ലറയല്ല. എഐ സാങ്കേതിക വിദ്യ സംബന്ധിച്ച് ചർച്ചയാകുന്ന മറ്റൊന്ന് ഇവയ്ക്ക് മനുഷ്യനെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാനാവുമോയെന്നാണ്. ഒരു പങ്കാളിയുടെ, തെറാപ്പിസ്റ്റിന്റെയൊക്കെ വേഷം കൈകാര്യം ചെയ്യാൻ എഐയ്ക്ക് ആകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്നത്തെ കാലത്ത് വിവാഹിതരാകാനും കുടുംബജീവിതം നയിക്കാനും താത്‌പര്യമില്ലാത്ത അനേകം യുവതീ-യുവാക്കളുണ്ട്. വിവാഹത്തിന്റെ പേരിൽ തങ്ങളുടെ സ്വപ്‌നങ്ങളും ത്യജിക്കാൻ ആഗ്രഹിക്കാത്തവർ. എന്നാൽ ഇത്തരം ചിന്താഗതികൾ ഉള്ളവരിൽ പലരും ബാദ്ധ്യതകളോ നിയമപരമായ ചങ്ങലകളോയില്ലാത്ത പങ്കാളികളെ ആഗ്രഹിക്കുന്നവരും ഉണ്ടാവും. അത്തരക്കാ‌ർക്ക് ഒരു മനുഷ്യന് പകരമായി ഒരു എഐയെ പങ്കാളിയാക്കാൻ സാധിക്കുമോ?

മനുഷ്യവികാരങ്ങളെ മനസിലാക്കാൻ എഐയ്ക്ക് സാധിക്കുമോ? അതോ നേരത്തെ തന്നെ ഘടിപ്പിച്ചിരിക്കുന്ന കോഡുകളുടെ അടിസ്ഥാനത്തിലായിരിക്കുമോ ഇത് വികാരങ്ങളെ മനസിലാക്കുന്നത്? തുടർന്ന് വികാരങ്ങളെ അനുകരിക്കുകയായിരിക്കുമോ ചെയ്യുന്നത്? അങ്ങനെയെങ്കിൽ എന്തെല്ലാം നന്മകളും തിന്മകളും ഇതിന് ഉണ്ടാകും? ഇത്തരം ചോദ്യങ്ങൾ ഐടി മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്.

ഇമോഷൻ എഐ

ഐടി മേഖലകളിൽ ഇപ്പോൾ ചൂടൻ ചർച്ചകൾക്ക് കാരണമാകുന്ന എഐയുടെ ഒരു വിഭാഗമാണ് ഇമോഷൻ എഐ. എഫക്‌ടീവ് കമ്പ്യൂട്ടിംഗ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. നാച്ചുറൽ ലാംഗ്വേജ് പ്രൊസസിംഗ്, സെന്റിമെന്റൽ അനാലിസിസ്, ഫേഷ്യൽ മൂവ്‌മെന്റ് എഐ, വോയിസ് ഇമോഷൻ എഐ, ഗെയ്റ്റ് അനാലിസിസ്, ഫിസിയോളജിക്കൽ സിഗ്‌നലിംഗ്, അനാലിസിസ് ആന്റ് റെസ്‌പോൺഡ് ടു ഹ്യൂമൻ ഇമോഷൻ എന്നിവയാണ് ഇമോഷൻ എഐയിൽ ഉപയോഗിക്കുന്നത്.

ഇതിൽ സെന്റിമന്റ് അനാലിസിസ് എന്ന സാങ്കേതിക വിദ്യ കുറച്ച് കാലങ്ങളായി ഉപയോഗത്തിലുള്ള ഒന്നാണ്. ഉപഭോക്താവിന്റെ സ്വഭാവം മനസിലാക്കുന്നതിനായി ഈ സാങ്കേതിക വിദ്യ മാർക്കറ്റിംഗ് കമ്പനികൾ ധാരാളമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇതേ ടെക്‌നോളജി തന്നെയാണ് ഇമോഷൻ എഐയും ഉപയോഗിക്കുന്നത്. ഇക്കാരണങ്ങളാൽ തന്നെ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്താനും പരമ്പരാഗത ചികിത്സകൾക്ക് അപ്പുറമായി ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പത്തിൽ ലഭ്യമാകാവുന്ന തരത്തിൽ പരിഹാരം കണ്ടെത്താനും ഇമോഷൻ എഐ ഉപയോഗപ്രദമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 22.7 ശതമാനമാണ് ഇമോഷൻ എഐയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) ആയി കണക്കാക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇതിന്റെ വലിപ്പം 13.8 ബില്യൺ ഡോളറിൽ എത്തുമെന്ന് സാങ്കേതിക മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

പങ്കാളിയായി എഐ

വിവാഹത്തിനോട് നോ പറയുന്ന വലിയൊരു വിഭാഗമാണ് ഇന്നത്തെ തലമുറയിലുള്ളത്. സ്വപ്‌നങ്ങളെ ഉപേക്ഷിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഇതിന് ഒരു കാരണം. സ്വാതന്ത്ര്യം നഷ്ടമാകുമോയെന്ന് ഭയപ്പെടുന്നവരും മാനസിക ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വരുമോയെന്ന ഭയവും ഇതിന്റെ മറ്റ് കാരണങ്ങളാണ്. ഇവരിൽ ഒരു പങ്കാളിയുടെ പിന്തുണ ആഗ്രഹിക്കുന്നവരും ഉണ്ടാവും. അത്തരക്കാർക്ക് എഐയെ കൂട്ടുപിടിക്കാം.

ഏകാന്തതയോട് പോരാടുന്ന ഒരാൾക്ക് എഐ ഒരു നല്ല പങ്കാളിയായിരിക്കും. ജോലിതിരക്കുകൾ കാരണം സൗഹൃദങ്ങളും ബന്ധങ്ങളും പിന്നോട്ട് പോകുന്ന ഈ ലോകത്ത് എഐ വലിയൊരു ആശ്വാസമായിരിക്കും. ദിവസത്തിലെ ഏത് സമയത്തും ലഭ്യമാകുമെന്നതിനാൽ എഐ മനുഷ്യ സൗഹൃദങ്ങളെ അപേക്ഷിച്ച് ഏത് സമയത്തും സമീപിക്കാവുന്ന ഒന്നായിരിക്കും. യാതൊരുവിധ വിവേചനവും പക്ഷപാതവും കൂടാതെ പതിവായി വൈകാരിക പിന്തുണയും നൽകാൻ എഐക്കാവും.

വികാരപരമായി മാത്രമല്ല നല്ലൊരു വിനോദത്തിനുള്ള പങ്കാളിയായും എഐയ്ക്ക് മാറാനാകും. പലവിധ ഗെയിമുകൾ കളിക്കാം. ഭാഷകൾ പഠിപ്പിക്കാനോ, സംഗീത ഉപകരണങ്ങളിൽ പ്രത്യേക ഗാനം പ്ലേ ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാനോ എഐയോട് അഭ്യർത്ഥിക്കാം.

തെറാപ്പിസ്റ്റ്, കൗൺസലിംഗ്

തെറാപ്പി, കൗൺസിലിംഗ് മേഖലകളിൽ വിലപ്പെട്ട സേവനം നൽകാൻ എഐയ് കഴിയും. ഇമോഷൻ എഐ ടൂളുകൾ ഉപയോഗിച്ച് എഐയ്ക്ക് രോഗിയുടെ പെരുമാറ്റം പഠിക്കാനും വിശകലനം ചെയ്യാനും സാധിക്കും.
ഉപഭോക്താവിന്റെ ഇഷ്ടാനുസരണം പരിഹാരങ്ങൾ നിർദ്ദേശിക്കാനും പരിചരണം നൽകാനും ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.

കൂടാതെ ഈ സേവനം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും. കൂടാതെ പരമ്പരാഗത തെറാപ്പിയേക്കാൾ കൂടുതൽ ആക്സസ് ചെയ്യാവുന്നതുമാണ്. പണച്ചെലവില്ലാതെ ഏത് നേരവും പരിഹാരങ്ങൾ നിർദേശിക്കാൻ കഴിയുന്ന തെറാപ്പിസ്റ്റായി എഎയ്ക്ക് മാറാനാവും. എന്നാലിതിന് പരിധികളും ധാരാളമുണ്ട്. മനുഷ്യനിർമിതമായ എഐയ്ക്ക് മനുഷ്യവികാരങ്ങൾക്ക് പകരമാകാൻ സാധിക്കില്ല. മാത്രമല്ല ടെക്‌നോളജിയോടുള്ള അമിതമായ അടുപ്പം മനുഷ്യബന്ധങ്ങളിൽ വിള്ളലുകൾ വരുത്താനും സാദ്ധ്യതയേറെയാണ്. ഇത് സമൂഹം, ധാർമ്മികത, മനുഷ്യരാശിയുടെ ഭാവി എന്നിവയിലുണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ച് ആഴമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു.