modi

തിരുവനന്തപുരം: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ നരേന്ദ്ര മോദിയുടെയോ മറ്റ് വലിയ നേതാക്കളുടെയോ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ബിജെപിയുടെ ഒരു ലോക്കൽ നേതാവ് മത്സരിച്ചാൽ പോലും തരൂർ തോൽക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റെ പ്രത്യേക അഭിമുഖത്തിൽ നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാവില്ലെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം ലോക്സഭ സീറ്റിനെക്കുറിച്ച് തങ്ങൾക്ക് ആശങ്ക ഇല്ലെന്നും ആര് മത്സരിച്ചാലും ഇത്തവണ ശശി തരൂർ വീഴുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ക്രെെസ്തവ സഭകളുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടരുമെന്നും വയനാട് സീറ്റ് ബി ഡി ജെ എസ് വിട്ട് തന്നാൽ ശക്തമായ സ്ഥാനാർത്ഥിയെ ബിജെപി രംഗത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ഇന്നലെ ശശി തരൂർ പറഞ്ഞിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ജനങ്ങൾ എന്റെ സേവനം കണ്ടിട്ടുണ്ട്. എന്നെയും കണ്ടിട്ടുണ്ട്. എന്റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയും എല്ലാം അവർക്കറിയാം. മതിയായി എന്നൊരു തോന്നലുണ്ടെങ്കിൽ അവർക്ക് അവകാശമുണ്ട്, അവരുടെ എംപിയെ മാറ്റാൻ'- ശശി തരൂർ പറഞ്ഞു.