
ഹൈദരാബാദ്: തീർപ്പാക്കാത്ത ട്രാഫിക്ക് ചലാൻ അടയ്ക്കുന്നതിന് പൊതുജനങ്ങൾക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തിറക്കിയത്. പുതിയ ഇളവുകൾ പ്രകാരം ട്രാഫിക്ക് ചല്ലാന് 60 മുതൽ 90 വരെ കിഴിവ് സർക്കാർ ഉറപ്പുനൽകുന്നുണ്ട്. ഈ അവസരം ഒറ്റത്തവണ മാത്രമേ ലഭ്യമാകുകയുളളൂ. ഈ മാസം 26 മുതൽ അടുത്ത വർഷം ജനുവരി പത്ത് വരെയാണ് ട്രാഫിക്ക് ചലാനിൽ സർക്കാർ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയത്.
ഉന്തുവണ്ടി ഉടമകൾക്ക് തീർപ്പാക്കാത്ത ചലാൻ അടയ്ക്കുന്നതിന് 90 ശതമാനം വരെ കിഴിവ് ലഭിക്കും.അവർ ആകെ തുകയുടെ പത്ത് ശതമാനം മാത്രം അടച്ചാൽ മതി. ആർടിസി ഡ്രൈവർമാർക്കും ഇത് ബാധകമാണ്. ഇരുചക്രവാഹനമുളളവർക്കും മൂന്ന് ചക്രവാഹനമുളളവർക്കും ആകെ തുകയുടെ 80 ശതമാനം കിഴിവ് ലഭ്യമാകും. കാർ,ട്രക്ക്,തുടങ്ങിയ വാഹനങ്ങളുളളവർക്ക് ആകെ തുകയുടെ 60 ശതമാനം കിഴിവ് ലഭ്യമാകും.
ഉപയോക്താക്കൾക്ക് പുതിയ ഇളവ് ലഭിക്കാത്തതിനെ തുടർന്ന് നിരവധി പരാതികൾ ഹൈദരാബാദ് പൊലീസിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ ടാഗ് ചെയ്യുന്നുണ്ട്. ഇതിനെക്കുറിച്ചുളള സംശയനിവാരണത്തിന് പുതിയ മാർഗനിർദ്ദേശം സർക്കാർ പുറത്തിറക്കി. ചലാൻ അടയ്ക്കുന്നതിന് വാഹനയുടമകളോട് തെലങ്കാന ട്രാഫിക്ക് ഇ ചല്ലാൻ വൈബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം അടയ്‌ക്കേണ്ട തുകയുടെ വിവരങ്ങൾ തിരയാനാണ് സർക്കാരിന്റെ നിർദ്ദേശം. നിലവിൽ സംസ്ഥാനത്ത് രണ്ട് കോടിയോളം തീർപ്പാക്കാനുളള ചലാൻ ഉണ്ട്.