vaiga

കൊച്ചി: പതിനൊന്നുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവും ഒരുലക്ഷത്തിഎഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞിരുന്നു. ഇതിൽ കൊലപാതകത്തിനാണ് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. മറ്റുകേസുകൾക്ക് 28 വർഷം കഠിനതടവാണ് വിധിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

70 വയസുള്ള അമ്മയെ നോക്കാൻ വേറെ ആളില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിധി പറഞ്ഞത്. അപൂര്‍വത്തിൽ അപൂര്‍വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. .

2021 മാർച്ച് 22നാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരിക്കു സമീപം മുട്ടാർ പുഴയിൽ തള്ളിയെന്നാണ് കേസ്. ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്‌നേഹവും കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവിൽ പോകാൻ സനു മോഹനെ പ്രേരിപ്പിച്ചതെന്ന് തൃക്കാക്കര ഇൻസ്‌പെക്ടർ കെ. ധനപാലൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

പൊലീസിനെ കുഴക്കിയ കേസ്

ഒരുമാസത്തോളം കൊച്ചി സിറ്റി പൊലീസിനെ വട്ടം ചുറ്റിച്ചതാണ് വൈഗ കൊലക്കേസ്. 2021 മാർച്ച് 21നാണ് വൈഗ കൊല്ലപ്പെട്ടത്. പിറ്റേന്ന് മുട്ടാർപുഴയിൽ മൃതദേഹം പൊങ്ങിയെങ്കിലും പിതാവ് സനു ദുരൂഹമായി അപ്രത്യക്ഷനായതാണ് അന്വേഷണത്തെ വലച്ചത്. ഏപ്രിൽ 19ന് കർണാടകയിലെ കാർവാറിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായി 90 ദിവസം തികയുംമുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് സ്വാഭാവികജാമ്യം കിട്ടിയില്ല. സനു വിൽക്കുകയും വഴിയിൽ എറിഞ്ഞുകളയുകയും ചെയ്ത ഫോണുകൾ കണ്ടെത്താനായത് കേസിൽ നിർണായക തെളിവായി.

നടത്തിയത് വിപുലമായ അന്വേഷണം

• 300ൽ അധികം സാക്ഷി മൊഴികൾ

• നൂറിലധികം രേഖകൾ

• എഴുപതിലധികം തൊണ്ടി മുതലുകൾ

• അന്വേഷണം ആറ് സംസ്ഥാനങ്ങളിൽ

• പരിശോധിച്ചത് അരലക്ഷത്തോളം ഫോൺ കോളുകൾ

എന്നാൽ തനിക്കെതിരായ തെളിവുകൾ പരസ്പര വിരുദ്ധമാണെന്നും കുട്ടിയെ കൊലപ്പെടുത്തിയതു താനാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സനു മോഹന്റെ വാദം. കുട്ടികളെ കൊലപ്പെടുത്തിയ അമ്മമാർക്ക് പല കേസുകളിലും ജാമ്യം ലഭിച്ചതും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.