-rbi

മുംബയ്: റിസർവ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭീഷണിക്ക് പിന്നിലെ കാരണം സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഐപിസി സെക്ഷൻ 505 (1)​,​ 505 (2)​,​ 506(2)​ എന്നിവ പ്രകാരം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

ഇന്നലെയാണ് ആർബിഐയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബയിലെ 11 സ്ഥലങ്ങളിലായി ബോംബുകൾ വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ ആർബിഐ ഗവർണർ ശക്തികാന്ത ദാസും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും രാജിവയ്ക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.

ആർ ബി ഐയിൽ ഉൾപ്പെടെ പ്രമുഖ ബാങ്കുകളിൽ ബോംബ് വച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകൾ വലിയ അഴിമതിയാണ് നടത്തുന്നു. ഈ അഴിമതിയിൽ ശക്തി ദാസിനും നിർമ്മലസീതാരാമനും പങ്കുണ്ട്. കൂടാതെ ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നും വന്ന ഇമെയിലിൽ ആരോപിച്ചിരുന്നു. അതിനുള്ള മതിയായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെ പ്രദേശങ്ങളിൽ കർശന പരിശോധന നടത്തിയിരുന്നു.

മുംബയിലെ ആർബിഐ ഓഫീസ്,​ എച്ച് ഡി എഫ് സി ബാങ്ക്,​ ഐ സി ഐ സി ഐ ബാങ്ക് എന്നിവ ഉൾപ്പെടെ 11 ഓഫീസുകളിൽ ഭീഷണി സന്ദേശം വന്നതായി പൊലീസ് അറിയിച്ചു.