
ശ്രീനഗർ: ഇന്ത്യൻ ജനതയെ വേദനിപ്പിക്കുന്ന ഒരു തെറ്റും ചെയ്യരുതെന്ന് സൈന്യത്തോട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നിങ്ങളാണ് രാജ്യത്തിന്റെ രക്ഷകർ, രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടുകയും വേണം - അദ്ദേഹം സൈനികരോട് പറഞ്ഞു.
ജമ്മു കാശ്‌മീരിലെ പൂഞ്ചിൽ നാല് സൈനികർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിനു ശേഷം സൈന്യം ചോദ്യം ചെയ്യാൻ കസ്റ്രഡിയിലെടുത്ത സിവിലിയന്മാരിൽ മൂന്ന് യുവാക്കളെ മരിച്ചനിലയിൽ കണ്ട പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. സുരക്ഷ വിലയിരുത്താനാണ് അദ്ദേഹം കാശ്‌മീരിലെത്തിയത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാക്കൾ മരിച്ചതിനെ പറ്റി സൈന്യം നടത്തുന്ന അന്വേഷണത്തിൽ ചേരാൻ ബ്രിഗേഡ് കമാൻഡറോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. നിരപരാധികളായ ജനങ്ങളോടുള്ള അക്രമങ്ങളിൽ സഹിഷ്‌ണുത കാണിക്കില്ലെന്ന് സൈന്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സൈന്യത്തിന് ജനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരിക്കണം. നമുക്ക് യുദ്ധം ജയിക്കണം. ഭീകരരെ ഇല്ലാതാക്കണം. ഒപ്പം ജനഹൃദയവും നേടണം. അതിന് നിങ്ങൾ ശ്രമിക്കുമെന്നറിയാം. ഓരോ സൈനികനും ജനങ്ങൾക്ക് കുടുംബാംഗമാണ്.
നിങ്ങളെ ആരെങ്കിലും അക്രമിച്ചാൽ സഹിക്കാനാവില്ല. നിങ്ങളുടെ ത്യാഗത്തിനും പ്രയത്നത്തിനും സമാനതകളില്ല. സൈനികൻ വീരമൃത്യു വരിക്കുമ്പോൾ നഷ്ടപരിഹാരം നൽകിയാലും നഷ്ടം നികത്താനാകില്ല. സർക്കാർ ഒപ്പമുണ്ട്. ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ സുരക്ഷാ ഏജൻസിക്കും രഹസ്യാന്വേഷണ ഏജൻസിക്കും നിർണായക പങ്കുണ്ട്. ആക്രമണങ്ങൾ നിസാരമായി കാണാനാകില്ല. നിരീക്ഷണം ശക്തമാക്കാൻ എല്ലാ പിന്തുണയും സർക്കാർ നൽകും. കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ജമ്മുവിലെത്തിയ രാജ്‌നാഥ് സിംഗ് രജൗരിയിലേക്ക് പോയി. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കരസേന മേധാവി മനോജ് പാണ്ഡെ കാശ്മീരിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.