
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമകളിൽ തന്റേതായ സ്ഥാനമുറപ്പിച്ച നടിമാരിലൊരാളാണ് മാലാ പാർവ്വതി. കുടുംബ ബന്ധങ്ങളുടെ ദൃഢത ഉറപ്പിക്കുന്ന അമ്മ വേഷങ്ങളുടെ റോളുകൾ അവതരിപ്പിച്ചിട്ടുളള നടി സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെ തീയേറ്ററുകളിൽ എത്തിയ ജിത്തുജോസഫ് - മോഹൻലാൽ ചിത്രം നേരിനെക്കുറിച്ചും താരം ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവച്ചിരുന്നു.
ചിത്രത്തിലെ താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് മാലാ പാർവ്വതി അഭിനന്ദിച്ചെങ്കിലും പോസ്റ്റിന് നിരവധി വിമർശനങ്ങളും വന്നിട്ടുണ്ട്. അതിലെ ചില കമന്റുകൾക്കും നടി മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടിയെന്നാണ'. ഒരാൾ മാലാ പാർവതിയോട് ചോദിച്ചത്. 'സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത്. അതുകൊണ്ട് എത്ര രൂപയാണെന്ന് ഓർമ്മയില്ലെന്നാണ് നടി മറുപടിയായി പറഞ്ഞത്.
ലാൽ സർ, സിദ്ധിക്ക് സർ, ജഗദീഷ് മാത്രം ചേട്ടൻ അതെന്താണ് അങ്ങനെ താരങ്ങളെ വിശേഷിപ്പിച്ചതെന്നും നടിയോട് ഒരു ആരാധകൻ ചോദിച്ചു. 'അത് എന്താണെന്ന് ചോദിച്ചാൽ, വിളിച്ച് ശീലിച്ചത് പോലെ എഴുതി എന്ന് മാത്രമെന്നാണ് നടി പ്രതികരിച്ചത്. ഇത് മോഹൻലാലാണ് അങ്ങേർക്ക് മലയാളികളുടെ അടുത്തേക്ക് തിരിച്ച് വരാൻ അധികം നേരം ഒന്നും വേണ്ടെന്ന കമന്റിന് മാലാ പാർവ്വതി പറഞ്ഞ മറുപടി 'തിരിച്ച് വരാൻ... അദ്ദേഹം എവിടെ പോയിരുന്നു? സിനിമകൾ പാളിയിട്ടുണ്ട് -ലാൽ സർ സൂര്യനെ പോലെയാണെന്നാണ്.
മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് പൂർണരൂപം
'ജിത്തു ജോസഫ് സംവിധാനം ചെയ്ത, ലാൽ സർ ചിത്രം'നേര് "കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും ! ലാൽ സാർ, സിദ്ദിഖ് സർ, ജഗദീഷ് ചേട്ടൻ, അനശ്വര!വേറെ ലെവൽ. അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോൺഡിംഗും,കണക്ടും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. സിദ്ദിഖ് സാറിന്റെ ക്രിമിനൽ വക്കീൽ വേറെ ലെവൽ. ലാൽ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോൽക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകർന്നാട്ടം സൂക്ഷ്മവും കൃത്യവും. ജിത്തു ജോസഫ് മലയാളത്തിന് നൽകിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്. ശ്രീ ഗണേഷ് കുമാർ, ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനിൽ തുടങ്ങി നടീ നടന്മാർ എല്ലാം ഗംഭരമായി.'