
വാസ്തുശാസ്ത്രപ്രകാരം വീട്ടുവളപ്പിൽ ചെടികൾ നട്ടുവളർത്തേണ്ടതിന് കൃത്യമായ സ്ഥാനങ്ങളുണ്ട്. ഇത് തെറ്റിക്കുന്നത് ജീവിതത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ശരിയായി പിന്തുടർന്നാൽ വീട് ഐശ്വര്യംകൊണ്ട് നിറയുകയും ചെയ്യും.
കന്നിമൂല (തെക്കുപടിഞ്ഞാറേ മൂല) വീടിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഏറ്റവും അധികം പോസിറ്റീവ് എനർജി ഉള്ളത് ഈ ദിക്കിലാണ്. ഇവിടം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം പാലുവരുന്ന വർഗത്തിലുള്ള ചെടികൾ (നന്ത്യാർവട്ടം, അരളി, മഞ്ഞക്കാേളാമ്പി തുടങ്ങിയവ) ഇവിടെ നട്ടുപിടിപ്പിക്കുന്നത് വീടിനും വീട്ടുകാർക്കും ഏറെ പ്രയോജനം ചെയ്യും. മണ്ണിൽ നടാൻ കഴിയാത്തവർക്ക് ചട്ടിയിൽ നടാവുന്നതാണ്.
പരിശുദ്ധിയുടെ പര്യായമായ തുളസി വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായാണ് നടേണ്ടത്. അതായത് പ്രധാന വാതിലിൽ നിന്നാൽ തുളസിച്ചെടി കാണാൻ കഴിയണം. തുളസി മഹാലക്ഷ്മിയുടെ ഇരിപ്പിടമാണ്. തുളസിക്കൊപ്പം ഒരുമൂട് മഞ്ഞൾകൂടി നട്ടാൽ മഹാവിഷ്ണുവിന്റെ സാമീപ്യവും ഉണ്ടാവും. അതിലൂടെ ഐശ്വര്യം കവിഞ്ഞൊഴുകും. ഒരിക്കലും വെറുംതറയിൽ തുളസിച്ചെടി നടരുത് എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.
സുന്ദരവും സുഗന്ധം നിറഞ്ഞതുമാണെങ്കിലും റോസാച്ചെടികൾ ഒരിക്കലും വീടിന്റെ പ്രധാവാതിലിന് നേരെയോ പുറത്തേക്കിറങ്ങുന്ന വഴിയ്ക്ക് ഇരുവശത്തുമായോ നടരുത്. അങ്ങനെ ചെയ്താൽ ദോഷങ്ങൾ മാത്രമേ ഉണ്ടാകൂ. മുള്ളുള്ള ചെടികൾ കണ്ടുകൊണ്ട് വീടിന് പുറത്തേക്കിറങ്ങുന്നത് അത്ര നന്നല്ല. പ്രധാന വാതിലിന് മുന്നിലും പ്രധാന വഴിക്ക് ഇരുവശത്തും ഒഴികെ മറ്റെവിടെയും റോസ് നട്ടുവളർത്താം.