
കൊച്ചി: പുതുവത്സരത്തിന് മുന്നോടിയായുള്ള സാന്താക്ളോസ് റാലിയിൽ മുഖ്യ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും റെക്കാഡ് പുതുക്കി ഇന്നലെയും മികച്ച മുന്നേറ്റം കാഴ്ചവച്ചു. സെൻസെക്സ് ഇന്നലെ 701.63 പോയിന്റ് നേട്ടത്തോടെ 72,038ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 213.4 പോയിന്റ് ഉയർന്ന് 21,654.7 ൽ അവസാനിച്ചു. ബാങ്കിംഗ്, വാഹന, മെറ്റൽ, ഐ.ടി തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. അൾട്രാടെക്ക്, ഹിണ്ടാൽകോ, ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ജെ.എസ്.ഡബ്ള്യു സ്റ്റീൽ, ഗ്രാസിം, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ് എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ.
ആഗോള മേഖലയിലെ അനുകൂല വാർത്തകളും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും വിപണിക്ക് കരുത്ത് പകർന്നു. ബോംബെ ഓഹരി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ മാത്രം 2.5 ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായത്.
ആഗോള വിപണികളിലും കുതിപ്പ്
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്ത വർഷം മാർച്ചിന് മുൻപ് പലിശ കുറച്ചേക്കുമെന്ന വാർത്തകൾ ആഗോള ഓഹരികളിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചു. ജപ്പാനിലെ നിക്കി സൂചിക 1.15 ശതമാനം ഉയർന്നു. ഹോങ്കോഗിംലെ ഹാംഗ് സെംഗ് 1.74 ശതമാനവും ലണ്ടനിലെ എഫ്.ടി.എസ്.ഇ 0.6 ശതമാനവും ഉയർന്നു.
ചൈനയിൽ നിന്ന് ഫണ്ടുകൾ ഇന്ത്യയിലേക്ക്
ചൈനയിലെ ഓഹരികൾ വിറ്റുമാറി ഇന്ത്യൻ വിപണിയിലേക്ക് പണമൊഴുക്കുന്നതാണ് വാൾസ്ട്രീറ്റിലെ പുതിയ മുദ്രാവാക്യം. ഇതോടെ ആഗോള ഫണ്ടുകളുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഡിസംബറിൽ മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 57,275 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്.
എണ്ണ വിലയിലെ ഇടിവും ആവേശം
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 8 ഡോളറിലും താഴെ തുടരുന്നതാണ് നിക്ഷേപകർക്ക് ഉൗർജം പകരുന്ന മറ്റൊരു കാരണം.