
ചെന്നൈ: തമിഴ്നാട് കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പൊലീസ് വെടിവച്ചുകൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രഘുവരൻ, കറുപ്പ് എന്നറിയപ്പെടുന്ന ഹസൻ എന്നിവരെയാണ് കൊന്നത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.
പ്രഭാകരൻ എന്ന ഗുണ്ട കൊല്ലപ്പെട്ട കേസിൽ ഇരുവരെയും പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. കാഞ്ചീപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ ഒളിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ, പ്രതികൾ വടിവാൾ കൊണ്ട് ആക്രമിച്ചു. ഇതിനിടെ രക്ഷപ്പെടാൻ വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിന് വെടിയേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
രണ്ട് പൊലീസുകാർക്ക് പരിക്കേറ്രു. ഇതോടെ തമിഴ്നാട്ടിൽ ആറ് മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ആറായി.