
തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണത്തെ മണ്ഡലകാലത്ത് ലഭിച്ചത് റെക്കാഡ് വരുമാനം. കാണിക്ക എണ്ണാൻ ബാക്കിനിൽക്കെ 241.71 കോടി രൂപയായാണ് വരുമാനം ഉയർന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്നും 18.72 കോടി രൂപയുടെ വർദ്ധനയാണ് ഉണ്ടായത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തീർത്ഥാടകരുടെ തിരക്ക് മണ്ഡലപൂജ ദിവസമായ ഇന്ന് ഉണ്ടായില്ല. തീർത്ഥാടകരുടെ നിര ക്യൂ കോംപ്ലക്സു വരെയായി കുറഞ്ഞു. മണ്ഡലകാല തീർത്ഥാടനത്തിന് മണ്ഡലപൂജയോടെ ഇന്ന് സമാപനമാകും. രാത്രി 11ന് നട അടച്ച് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
ശബരിമലയിൽ ഒരു ലക്ഷത്തിലേറെപ്പേരാണ് കഴിഞ്ഞ രണ്ടു ദിവസമായി ദർശനത്തിനെത്തുന്നത്. ഇതോടെ നിയന്ത്രണവും പാളി. 90,000 വെർച്വൽ ക്യൂ, 10,000 സ്പോട്ട് ബുക്കിംഗിന് പുറമേ കാനനപാത, പുൽമേട് വഴി നേരിട്ട് സന്നിധാനത്തെത്തുന്നവരും ധാരാളം. ഇന്ന് നട അടയ്ക്കുന്നതിനാൽ വരുന്നവർക്കെല്ലാം ദർശന സൗകര്യമൊരുക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെ 15 മണിക്കൂറോളം ക്യൂ നീണ്ടു. സന്നിധാനത്ത് എത്താൻ കഴിയാതെ തിരിച്ചുപോയ ഭക്തർ പന്തളത്ത് നെയ്യ് തേങ്ങയുടച്ച് ദർശനം നടത്തി മടങ്ങേണ്ട സാഹചര്യം ഇന്നലെയുമുണ്ടായി. രണ്ടാഴ്ച മുൻപും ഇങ്ങനെ സംഭവിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.