
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ എതിരില്ലാതെയാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്.
മറ്റ് പേരകളൊന്നും നിര്‍ദേശമായി ഉയര്‍ന്നുവരാത്ത സാഹചര്യത്തില്‍ നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കും. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് താത്കാലിക സെക്രട്ടറിയായിട്ടാണ് ബിനോയ് വിശ്വത്തെ നിയമിച്ചത്.
പുതിയ സാഹചര്യത്തില്‍ നാളെ സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കും. ആരോഗ്യ സ്ഥിതി വഷളായതിനെതുടര്‍ന്ന് തനിക്ക് അവധി നല്‍കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ട സമയത്ത് ചുമതല ബിനോയ് വിശ്വത്തിന് നല്‍കണമെന്ന് കാനം രാജേന്ദ്രന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയന് പകരം ചുമതല വഹിച്ചിരുന്ന മുല്ലക്കര രത്‌നാകരന്‍ സ്ഥാനമൊഴിഞ്ഞു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിപി ശശിധരന് ചുമതല നല്‍കി.
എ.പി ജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി പകരം ചുമതല നല്‍കിയതോടെ ജില്ലയില്‍ വിഭാഗീയത ശക്തമായ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കാന്‍ മുല്ലക്കര രത്‌നാകരന്‍ വിസമ്മതിച്ചത്.