
തിരുവനന്തപുരം : മന്ത്രിയാകുന്ന കെ.ബി. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് എൽ.ഡി.എഫ് ധാരണ പ്രകാരം ലഭിക്കു. ഇതു കൂടാതെയാണ് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സജി ചെറിയാനാണ് സിനിമ വകുപ്പിന്റെ ചുമതല.
ഡിസംബർ 29നാണ് കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നവകേരള സദസിന് പിന്നാലെ മന്ത്രിസഭാ അഴിച്ചുപണി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം കെ.എസ്.ആർ.ടി.സി ലാഭം ലക്ഷ്യമിട്ട് പോകേണ്ട സ്ഥാപനമല്ലെന്ന് മുൻ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രാസൗകര്യം ഒരുക്കാനാണ് മുൻതൂക്കം കൊടുക്കേണ്ടത്. പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും പോലെ പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ് പൊതുഗതാഗതവും. ലാഭമായിരിക്കരുത് ലക്ഷ്യം. ലോകത്ത് ഒരിടത്തും പൊതുഗതാഗത സംവിധാനത്തിന് ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കേരളത്തിൽ അങ്ങനെ പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് പ്രസ് ക്ലബിലെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളകുടിശ്ശിക പൂർണമായി കൊടുത്തു തീർത്തിട്ടാണ് മന്ത്രി സ്ഥാനമൊഴിഞ്ഞത്. സ്ത്രീധന പീഡനത്തെത്തുടർന്ന് ഡോ.വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവായ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.കിരൺകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ട നടപടി തന്നെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.
തലസ്ഥാനത്ത് രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഒരു മാസത്തിനകം എത്തും. നിർമ്മാണം മഹാരാഷ്ട്രയിൽ പൂർത്തിയായി. അടുത്തയാഴ്ച പുറപ്പെടും. കേരളത്തിൽ ആദ്യമായാണ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വരുന്നത്. രണ്ടുമാസത്തിനുള്ളിൽ 123 ഡീസൽ ബസുകളും 38 ഇലക്ട്രിക് ബസുകളും എത്തും.