
ന്യൂഡൽഹി : സസ്പെൻഷനിലായ റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തുടർ പ്രവർത്തനങ്ങൾക്കായി കേന്ദ്ര കായികമന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ചു. ലൈംഗികാരോപണ വിധേയനായ ബ്രിജ്ഭൂഷൺ ചരൺസിംഗിന്റെ അനുയായി സഞ്ജയ് സിംഗ് പ്രസിഡന്റായ പാനൽ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുസ്തി താരങ്ങൾ പരാതി ഉയർത്തിയപ്പോഴാണ് ഫെഡറേഷനെ കായികമന്ത്രാലയം സസ്പെൻഡ് ചെയ്തത്.
വുഷു അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ഭൂപീന്ദർ സിംഗ് ബജ്‌വയുടെ നേതൃത്വത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി. ഈ വർഷമാദ്യം ബ്രിജ്ഭൂഷണിന്റെ പ്രശ്നത്തിൽ ഫെഡറേഷനെ സസ്പെൻഡ് ചെയ്തപ്പോൾ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിലും ബജ്‌വ അംഗമായിരുന്നു. ഹോക്കി ഒളിമ്പ്യൻ എം.എം സോമയ,മുൻ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം മഞ്ജുഷ കൻവാർ എന്നിവരാണ് പുതിയ അഡ്ഹോക്ക് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. റെസ്‌ലിംഗ് താരങ്ങളുടെയും ഫെഡറേഷന്റെയും കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പൂർണമായ അധികാരത്തോടെയാണ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്ന് ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. പഴയ അഡ്ഹോക്ക് കമ്മിറ്റി എടുത്ത തീരുമാനങ്ങൾ സഞ്ജയ്സിംഗ് അദ്ധ്യക്ഷനായ ഭരണിസമിതിയുടെ ആദ്യ യോഗത്തിൽതന്നെ മരവിപ്പിച്ച പശ്ചാത്തലത്തിലാണിത്.