
ടെൽ അവീവ്: കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ മദ്ധ്യഗാസയിൽ ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. 24 മണിക്കൂറിനിടെ 195 പേർ കൂടി മരിച്ചതോടെ ഗാസയിലെ മരണസംഖ്യ 21,110 ആയി. ബുറെയ്ജ്, നുസൈറത്ത്, മഘാസി അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ചു.
പരിക്കേറ്റവരുടെ എണ്ണം 55,240 പിന്നിട്ടു. തെക്കൻ ഗാസയിൽ ഖാൻ യൂനിസിലെ അൽ അമാൽ സിറ്റി ഹോസ്പിറ്റലിന് സമീപമുണ്ടായ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.
ഇതിനിടെ, ജനറൽ സായിദ് റാസി മൗസവിയുടെ വധത്തിൽ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഇസ്രയേൽ സിറിയയിലെ ഡമാസ്കസിന് സമീപം നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന ഉപദേഷ്ടാവായ റാസി കൊല്ലപ്പെട്ടത്. ഇറാനും സിറിയയ്ക്കുമിടെയിൽ സൈനിക സഖ്യത്തെ ഏകോപിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്.
മൃതദേഹങ്ങൾ കൈമാറി
ഗാസയിൽ നിന്ന് ഇസ്രയേലിലെത്തിച്ച 80 പാലസ്തീനികളുടെ മൃതദേഹങ്ങൾ ഇന്നലെ കരീം ഷാലോം അതിർത്തിയിലൂടെ വിട്ടുനൽകി. മോർച്ചറികളിൽ നിന്നും ശ്‌മശാനങ്ങളിൽ നിന്നും ശേഖരിച്ച ഈ അജ്ഞാത മൃതദേഹങ്ങളിൽ ബന്ദികൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
റെഡ് ക്രോസിന് കൈമാറിയ മൃതദേഹങ്ങൾ റാഫയിൽ കൂട്ടമായി സംസ്കരിച്ചു. അതേസമയം, മൃതദേഹങ്ങൾ ഇസ്രയേൽ വികൃതമാക്കിയെന്നും അവയവങ്ങൾ നീക്കം ചെയ്തെന്നും ഹമാസ് ആരോപിച്ചു. ഏകദേശം 129 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ടെന്നാണ് കണക്ക്.