
തിരുവനന്തപുരം: കൊവിഡ് കാലത്തിന് ശേഷം രാജ്യത്ത് ഓൺലൈൻ പേമെന്റ് സംവിധാനം വ്യാപകമായി. പണമിടപാടിനായി നോട്ട് നൽകുന്നതിന് പകരം യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ആളുകൾ കൂടുതലായും ഉപയോഗിച്ചുതുടങ്ങി. എന്നിട്ടും കെഎസ്‌ആർടിസി യാത്രയ്‌ക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാനായിരുന്നില്ല. ഇപ്പോഴിതാ ആ പ്രശ്‌നം പരിഹരിക്കാനുള്ള പരീക്ഷണം കെഎസ്‌ആർടിസി സിറ്റി ബസുകളിൽ ആരംഭിക്കുകയാണ്. നാളെമുതലാണ് സിറ്റി ബസുകളിൽ പരീക്ഷണാർത്ഥം പണമിടപാട് സൗകര്യങ്ങളുണ്ടാകുക.
2003 മുതൽ കെഎസ്‌ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റിംഗ് ഏർപ്പെടുത്തിയെങ്കിലും കൂടുതൽ സൗകര്യമുള്ള മൈക്രോഎഫ്എക്‌സ് കമ്പനി എംബെഡ്‌ഡഡ് സംവിധാനമുള്ള ഇടിഎം മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്‌തു തുടങ്ങി. മൊബൈൽ വഴി ബസ് സമയ വിവരങ്ങളറിയാനോ, ട്രിപ്പ് പ്ളാൻ ചെയ്യാനോ എംബെഡ്‌ഡഡ് സംവിധാനമുള്ള ഈ ഇടിഎം മെഷിനിൽ പക്ഷെ സൗകര്യമില്ല. ടിക്കറ്റിങ്ങിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്തിയും യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനും, ബസുകളുടെ യഥാർത്ഥ നിജസ്ഥിതി അറിയുന്ന ഒരു ആപ്ലിക്കേഷനും ഉൾപ്പെടുത്തി പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിംഗ് സംവിധാനമാണ് ഇപ്പോൾ നാളെമുതൽ ആരംഭിക്കുന്നത്.