blasters

കൊൽക്കത്ത : മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ് ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ഡിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിനാണ് ബ്ളാസ്റ്റേഴ്സ് മുന്നിലെത്തിയത്. പിന്നീട് മത്സരം അവസാനിക്കുന്നതുവരെ ലീഡ് നിലനിറുത്താൻ ബ്ളാസ്റ്റേഴ്സിനായി.

എതിരാളികളുടെ തട്ടകത്തിൽ തുടക്കംമുതൽ അതിക്രമിച്ചുകയറുകയായിരുന്നു ബ്ളാസ്റ്റേഴ്സ്. രണ്ടാം മിനിട്ടിൽ ഡയമന്റക്കോസിന്റെ പാസിൽ നിന്ന് ഡാനിഷ് ഫറൂഖ് നടത്തിയ ശ്രമം പുറത്തേക്ക് പോകുന്നത് കണ്ടാണ് കളി തുടങ്ങിയത്. നാലാംമിനിട്ടിൽ ഡയമന്റക്കോസിന്റെ ഒരു ഷോട്ട് ബാറിലിറടിച്ച് മടങ്ങി. ഒൻപതാം മിനിട്ടിൽ ക്വാമി പെപ്രായുടെ ഒരു ഷോട്ട് ബഗാൻ പ്രതിരോധം ബ്ളോക്ക് ചെയ്തതിന് പിന്നാലെയാണ് ഡയമന്റക്കോസ് വലകുലുക്കിയത്. ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്നാണ് ഡയമന്റക്കോസ് വലയിലേക്ക് പന്തടിച്ചുകയറ്റിയത്.

ഗോൾ വീണശേഷം തിരിച്ചടിക്കാൻ ബഗാനും തുനിഞ്ഞിറങ്ങിയതോടെ കളി ആവേശകരമായെങ്കിലും ആദ്യ പകുതിയിൽ വല ഇരുവശത്തും പിന്നീട് ചലിപ്പിച്ചില്ല. 40-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന് അനുകൂലമായി ഒരു സുന്ദര അവസരമൊരുങ്ങിയെങ്കിലും പെപ്രയുടെ ഷോട്ട് പ്രതിരോധിക്കപ്പെട്ടു.

12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് ബ്ളാസ്റ്റേഴ്സ് ഒന്നാമതെത്തിയത്. ഒൻപത് കളികളിൽ 23 പോയിന്റുള്ള എഫ്.സി ഗോവയെയാണ് മഞ്ഞപ്പട മറികടന്നത്.