kbfc

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചിട്ടില്ലെന്ന കുറവ് ഒറ്റ ഗോളിന് തീര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒമ്പതാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ വെടിച്ചില്ലന്‍ ഗോളിന്റെ മികവിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ കൊമ്പന്‍മാര്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ നേരിയ പോരായ്മകളും ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ ഉഗ്രന്‍ സേവുകളും ദൗര്‍ഭാഗ്യവും കേരളത്തിന് മുന്നില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്നതിന് തടസ്സമായി.

ഗോള്‍ വീണ ശേഷം പ്രത്യാക്രമണ ഫുട്‌ബോളാണ് കേരളം കളിച്ചത്. മോഹന്‍ ബഗാന്റെ മുന്നേറ്റങ്ങള്‍ പ്രതിരോധ നിരയില്‍ നായകന്‍ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തില്‍ കൃത്യമായി പ്രതിരോധിക്കുകയും ചെയ്തപ്പോള്‍ ബഗാന് സീസണിലെ മൂന്നാം തോല്‍വി വഴങ്ങേണ്ടി വന്നു.

View this post on Instagram

A post shared by JioCinema (@officialjiocinema)

പരിക്കേറ്റ നായകന്‍ അഡ്രിയാന്‍ ലൂണയുടെ അസാന്നിധ്യത്തില്‍ കളം നിറഞ്ഞ് കളിക്കുന്ന ഡയമന്റാകോസ് സീസണിലെ തന്റെ ഒമ്പതാം ഗോളാണ് ഇന്നത്തെ മത്സരത്തില്‍ നേടിയത്. 12 കളികള്‍ നിന്ന് എട്ട് തോല്‍വിയും രണ്ട് വീതം സമനിലയും തോല്‍വിയും വഴങ്ങിയ കേരളത്തിന് 26 പോയിന്റാണ് ക്രെഡിറ്റിലുള്ളത്.