
മലപ്പുറം: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസിനെ ക്ഷണിച്ച ബിജെപി നടപടിയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ്. ബിജെപി അജണ്ടയില്‍ കോണ്‍ഗ്രസ് വീഴരുതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മുന്നറിയിപ്പ് നല്‍കി.
ബിജെപി എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും വര്‍ഗീയ കലാപം ഉണ്ടാക്കിയിരുന്നു. ഇപ്പോഴും ഇത്തരത്തില്‍ വര്‍ഗീയ വികാരങ്ങള്‍ ചൂഷണം ചെയ്യലാണ് അവര്‍ തുടരുന്നതെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി.
നേരത്തെ, രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്തയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും സമസ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തിലും ദേശീയതലത്തിലും ബിജെപി ക്ഷണത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം ഇന്ത്യ മുന്നണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഎം ശ്രമിക്കുമെന്ന് ഉറപ്പാണ്. കേരളത്തില്‍ നിന്ന് പരമാവധി ലോക്‌സഭാ സീറ്റുകള്‍ ലക്ഷ്യമിടുമ്പോള്‍ സമസ്തയുള്‍പ്പെടെ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
രാജ്യത്തെ മത വല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത പറഞ്ഞിരുന്നു.