
ഫ്ളോറിഡ: പങ്കാളിയുമായി തർക്കത്തിനൊടുവിൽ ക്രിസ്‌മസ് ട്രീയെടുത്ത് ക്രൂരമായി മർദ്ദിച്ച് യുവതി. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള സെന്റ് പിറ്റേഴ്‌സ്‌ബർഗിലാണ് സംഭവം. 20വയസുകാരിയായ കാമുകി മിറാക്കിൾ റിവേറയ്‌ക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു.
ക്രിസ്‌മസ് തലേന്ന് രാത്രിയോടെയാണ് സംഭവമുണ്ടായത്. മിറാക്കിൾ തന്റെ പങ്കാളിയായ 24കാരനുമായി കിടപ്പുമുറിയിൽ വച്ച് തർക്കമുണ്ടായി. തുടർന്ന് യുവാവ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവന്ന് വെളിയിലെ സോഫയിൽ കിടന്നു. ഇതോടെ പിന്നാലെ ദേഷ്യപ്പെട്ടെത്തിയ മിറാക്കിൾ ക്രിസ്‌മസ് ട്രീ എടുത്ത് യുവാവിനെ തുടരെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് പിന്നാലെ യുവാവിന്റെ അരയ്‌ക്ക് മുകളിലുള്ള ശരീരഭാഗങ്ങളിലും കൈകളിലും മുറിവേറ്റു.
തുടർന്ന് യുവതിക്കെതിരെ നൽകിയ പരാതിയിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്ത് മിറാക്കിളിനെ ജയിലിലടച്ചു. പിന്നീട് ക്രിസ്മസ് ദിനത്തിൽ യുവതി ജയിൽമോചിതയായി. ഏത്‌തരം വസ്‌തു ഉപയോഗിച്ചുണ്ടാക്കിയ ക്രിസ്‌മസ് ട്രീയാണെന്നോ വലിപ്പം എത്രയെന്നോ ഇവർക്കെതിരായ പരാതിയിൽ ഇല്ലെന്ന് പൊലീസ് അറിയിച്ചു. അതിനാൽ തന്നെ ഇത് തൊണ്ടിയായി കേസിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ഒന്നിച്ച് ജിവിക്കുകയായിരുന്നെന്നാണ് വിവരം.ജയിൽ മോചിതയായ മിറാക്കിളിനോട് യുവാവിൽ നിന്നും അകന്നുകഴിയണം എന്നാണ് ഉത്തരവിട്ടിരിക്കുന്നത്.