pic

വാഷിംഗ്ടൺ: ബെന്നു ഛിന്നഗ്രഹത്തെ ഏഴ് വർഷം നിരീക്ഷിച്ച നാസയുടെ ചരിത്രദൗത്യം ' ഒസൈറിസ് റെക്സ് ' ഇനി ' ഒസൈറിസ് - അപെക്സ് '. പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒസൈറിസ് റെക്സ് ഓർബിറ്റർ ദൗത്യത്തിന്റെ പേര് ഒസൈറിസ് - അപെക്സ് എന്ന് മാറ്റിയ വിവരം നാസ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അപോഫിസ് എന്ന ഛിന്നഗ്രഹത്തിലേക്ക് നീങ്ങുന്ന ഒസൈറിസ് - അപെക്സ് 2029ൽ ലക്ഷ്യസ്ഥാനത്തെത്തും.

ഭൂമിയിൽ നിന്ന് 8,​21,​31,359 കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ 2016 സെപ്തംബർ 8നാണ് അമേരിക്കയിലെ കേപ് കനാവെറലിൽ നിന്ന് ഒസൈറിസ് റെക്സ് വിക്ഷേപിച്ചത്. 2020 ഒക്ടോബർ 20ന് ബെന്നുവിന്റെ ഉപരിതലത്തിലിറങ്ങിയ ഒസൈറിസ് റെക്സ് മണ്ണിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബറിൽ ഒസൈറിസ് റെക്സിലെ കാപ്‌സ്യൂൾ ഈ സാമ്പിളുമായി ഭൂമിയിൽ തിരിച്ചെത്തി. അന്നേരം ബഹിരാകാശത്ത് തന്നെ തുടർന്ന ഒസൈറിസ് റെക്സ് ഓർബിറ്ററാണ് ഇപ്പോൾ പുതിയ പേരിൽ മറ്റൊരു ദൗത്യം ആരംഭിച്ചിരിക്കുന്നത്.

ബെന്നു 2182 സെപ്റ്റംബർ 24ന് 22 ആറ്റം ബോംബുകളുടെ ശക്തിയോടെ ഭൂമിയിൽ ഇടിച്ചേക്കാം. ഇതിനുള്ള സാദ്ധ്യത വിരളമാണ്. ബെന്നുവിനേക്കാൾ ഭീകരനാണ് അപോഫിസ്. 2029 ഏപ്രിൽ 2 മുതൽ അപോഫിസിന്റെ ചിത്രം പകർത്താൻ തുടങ്ങുന്ന ഒസൈറിസ് - അപെക്സ് 18 മാസം അതിന്റെ സഞ്ചാര പാത നിരീക്ഷിക്കും.

 കുഴപ്പക്കാരൻ അപോഫിസ്


 മുഴുവൻ പേര് - അപോഫിസ് 99942

 ' ഗോഡ് ഒഫ് കോസ് ആൻഡ് ഈവിൾ ' എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ ദേവനായ അപോഫിസിന്റെ പേരിൽ അറിയപ്പെടുന്നു

 കണ്ടെത്തിയത് - 2004ൽ

 ഭൂമിയെ ലക്ഷ്യമാക്കി സഞ്ചാരം

 2068ൽ ഭൂമിയിൽ ഇടിച്ചിറങ്ങുമെന്ന് പ്രവചനം

 370 മീ​റ്ററോളം വലിപ്പം

 ഭൂമിയ്ക്ക് ഭീഷണുയുള്ള ' നിയർ എർത്ത് ആസ്​റ്ററോയ്ഡ് ' ഗണത്തിൽപ്പെടുന്നു

 2029ൽ ഭൂമിയ്ക്ക് തൊട്ടരികിലൂടെ അപോഫിസ് പറക്കും

 2029 ഏപ്രിൽ 13ന് അപോഫിസ് കടന്നുപോകുന്നത് ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങളാൽ കാണാൻ സാധിച്ചേക്കും

അപോഫിസിന്റെ വേഗതയിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. സഞ്ചാര പാതയിൽ മാറ്റമുണ്ടായേക്കാം. ഭ്രമണപാത കൃത്യമായി നിർണയിക്കാൻ പ്രയാസം